student
സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ലഭിച്ച പഠനോപകരണങ്ങൾ പറമ്പിക്കുളം തേക്കടി അല്ലിമൂപ്പൻ ഊരിലെ വിദ്യാർത്ഥികൾക്ക് കൈമാറുന്നു.

കൊല്ലങ്കോട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പാലക്കാട് ചൈൽഡ് ലൈനും 'അറിവിലേക്ക് ' എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയും ചേർന്ന് ബോധവത്കരണ ക്ലാസും മോട്ടിവേഷൻ പരിപാടിയും സംഘടിപ്പിച്ചു. ചെമ്മണാമ്പതി മാലയടിവാരത്ത് നടന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സന്നദ്ധ പ്രവർത്തകരും അറിവിലേക്ക് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയും പഠനോപകരണ കിറ്റുകൾ നൽകി.

പഠനോപകരണങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകരും പറമ്പിക്കുളം തേക്കടി അല്ലിമൂപ്പനും ചേർന്ന് ഊരിലെ വിദ്യാർത്ഥികൾക്ക് കൈമാറി. പാലക്കാട് ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ടി.കെ. അനിൽ, സി.പി. സൂരജ്, പി.ആർ. രജിത, പി.കെ. രഞ്ജിനി, നജ്മ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. അറിവിലേക്ക് കൂട്ടായ്മ കോ-ഓർഡിനേറ്റർ ജോതിഷ് പുത്തൻസ്, അഡ്വ. കെ.എസ്. രാജ് മോഹൻ എന്നിവർ സംസാരിച്ചു.