ആലത്തൂർ: അഞ്ചുമൂർത്തി മംഗലത്തെ സ്പിരിറ്റ് പിടികൂടിയതിന് ശേഷം വീണ്ടും എക്‌സൈസിൽ മാസപ്പടി പിരിക്കൽ സജീവം. ഷാപ്പുടമകളിൽ നിന്നും ഷാപ്പുകളിലെ പരിശോധനയുടെ പേരിലും എത്തിയാണ് കൃത്യമായി മാസപ്പടി പിരിക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥർ സജീവമായി രംഗത്തിറങ്ങിയിട്ടുള്ളത്.

സ്പിരിറ്റ് പിടികൂടിയതിന് ശേഷം ജില്ലയിലെ എക്‌സൈസ് ജീവനക്കാരെ കൂട്ടായി സ്ഥലം മാറ്റി പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. ഇപ്പോൾ ഇവരുടെ നേതൃത്വത്തിലും മാസപ്പടി പിരിവ് തുടങ്ങിയതായാണ് കള്ളുഷാപ്പ് ലൈസൻസികൾ പറയുന്നത്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 160 ലധികം ഷാപ്പുകളാണ് പ്രവർത്തിക്കുന്നത്. ഷാപ്പിലെ വിൽപ്പനയുടെ തോത് അനുസരിച്ച് 500 രൂപ മുതലാണ് ഒരു ജീവനക്കാരന് വേണ്ടി പിരിക്കുന്നത്.

ആലത്തൂർ റേഞ്ചിൽ ഇൻസ്‌പെക്ടർ കൂടി ഇല്ലാതായതോടെ ജീവനക്കാർക്ക് ഇഷ്ടം പോലെ സ്വാതന്ത്ര്യം ലഭിച്ചതും പിരിവ് ഊർജ്ജിതമാകാൻ ഇടയാക്കിയിട്ടുണ്ട്. കൂടാതെ സർക്കിൾ ഓഫീസിലെ ജീവനക്കാർക്കായും പിരിവ് നടത്തുന്നുണ്ട്. ഷാപ്പു ലൈസൻസികളുടെ സംഘടനയിലെ ഒരു വിഭാഗം ഇതിനെ അനുകൂലിക്കുകയും ചെയ്തതോടെ മാസപ്പടി പിരിക്കുന്ന ജീവനക്കാർക്ക് കൂടുതൽ എളുപ്പമായി. മാസപ്പടി പിരിക്കുന്നതായി എക്‌സൈസ് വിജിലൻസ് വിഭാഗത്തിന് പരാതിയും ലഭിച്ചതോടെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.