പാലക്കാട്: എലപ്പുള്ളി, വാളയാർ ലോക്കൽ സമ്മേളനങ്ങളിൽ നടന്ന സംഘർഷം സി.പി.എം ജില്ലാ നേതൃത്വം ഇടപെടുന്നു. സമ്മേളനങ്ങളിൽ സംഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ കാണും. പാർടി അച്ചടക്കം പാലിച്ചും സംഘടനാ രീതിയിൽ ഐക്യത്തിന്റെ സന്ദേശം ഉയർത്തിയുമാണ് സമ്മേളനങ്ങളെല്ലാം നടന്നത്. എന്നാൽ അതിന് മങ്ങലേൽപ്പിക്കുന്ന വിധമായിരുന്നു എലപ്പുള്ളിയും വാളയാറും ഉണ്ടായത്. ആ വിഷയങ്ങൾ അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് വാളയാർ ലോക്കൽ സമ്മേളനത്തിൽ സംഘർഷത്തിന് ഇടയാക്കിയത്.
ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണമാണ് തർക്കത്തിന് കാരണം. ഉദ്ഘാടനത്തിന് മുൻപ് തന്നെ വിഷയം സംഘർഷത്തിലേക്ക് നീങ്ങി. പിന്നീടാണ് സമ്മേളന ഹാളിലെ കസേരകളും മേശകളും തല്ലി തകർത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രവർത്തകർ സ്‌റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുള്ളവരാണ് മുദ്രാവാക്യം വിളികളുമായി ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതേത്തുടർന്ന് സമ്മേളന നടപടികൾ താത്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു. 34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്നത്. അത് വാളയാർ, ചുള്ളിമട എന്നിങ്ങനെ വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടയ്ക്ക് കീഴിൽ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴിൽ 14 ബ്രാഞ്ച് കമ്മിറ്റികളുമായാണ് നിശ്ചയിച്ചത്. ഇതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
ജില്ലയിൽ ഇതുവരെ 3063 ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പകുതിയോളം നടന്നു കഴിഞ്ഞു. പൊതുവിൽ സംസ്ഥാനത്താകെ പാർടിയിൽ ഉണ്ടായിട്ടുള്ള ഐക്യവും വിഭാഗീയതയ്ക്ക് അതീതമായ യോജിച്ച പ്രവർത്തനവും ജില്ലയിലും അതേരീതിയിൽ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. വാളയാർ എലപ്പുള്ളി സമ്മേളനങ്ങളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമായിമാത്രമാണ് പാർടി കാണുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.