1
കൊലപാതകം നടന്ന വൃദ്ധ ദമ്പതികളുടെ വീട്

കടമ്പഴിപ്പുറം: പൊലീസ് ഏറെ പഴികേട്ട വിവാദമായ കണ്ണുകുറിശ്ശി വൃദ്ധ ദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതി പിടിയിലായപ്പോൾ നാട്ടുകാർക്ക് ഞെട്ടൽ. അയൽവാസിയാണ് പ്രതിയെന്ന് സ്വപ്നത്തിൽ പോലും ആരും ധരിച്ചിരുന്നില്ല. പ്രതിയെ പിടികൂടിയതോടെ 5 വർഷമായി കൊലപാതകത്തെ തുടർന്ന് പ്രദേശമാകെ പരന്ന ഭീതിയും ആശങ്കയും ഒഴിഞ്ഞു.

ഉൾഗ്രാമമായ കണ്ണുകുറിശ്ശിയിൽ ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന വടക്കേക്കര ചീരപ്പത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (67), ഭാര്യ തങ്കമണി (58) ദമ്പതികളെ അർദ്ധരാത്രിയിൽ സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ അതിദാരുണമായി കൊലപ്പെടുത്തിയത് നാടിനെ നടുക്കിയിരുന്നു. 2016 നവംബർ 15 നായിരുന്നു സംഭവം. അർദ്ധരാത്രിയിൽ വൈദ്യുതി ബന്ധം വേർപ്പെടുത്തി വീടിന്റെ ഓട് പൊളിച്ചു അകത്ത് കടന്നു രണ്ടു പേരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

മകൻ വിദേശത്തും മകൾ ചെന്നൈയിലും ആയതിനാൽ വീട്ടിൽ ദമ്പതികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രദേശത്ത് ഒറ്റപ്പെട്ട വീടായതിനാൽ കൊലപാതക വിവരം പുറത്ത് അറിഞ്ഞില്ല. കൊലയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങൾ മടവാൾ, വടി, എമർജൻസി ലൈറ്റ്, എന്നിവ ഷർട്ടിൽ പൊതിഞ്ഞ നിലയിൽ വീടിനടുത്തുള്ള കിണറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കേസിന് തുമ്പുണ്ടാക്കാനായില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് പ്രദേശ വാസികൾ ഉൾപ്പെടെ 300 ഓളം പേരെ ചോദ്യം ചെയ്‌തിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പ്രദേശത്തു ക്യാമ്പ് ചെയ്തുമായിരുന്നു അന്വേഷണം. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് അയൽവാസിയായ രാജേന്ദ്രനെ(49) അറസ്റ്റ് ചെയ്തത്.

ജില്ലയിൽ സമാനമായ കേസുകൾ തെളിയിക്കപ്പെട്ടപ്പോഴും അഞ്ചുവർഷമായി പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെ നാണം കെടുത്തിയിരുന്നു. അഞ്ച് വർഷക്കാലമായി ഈ വിഷയം ഏറ്റെടുത്തു ജനകീയ പ്രക്ഷോഭവുമായി സംയുക്ത സമര സമിതിയും രംഗത്തുണ്ടായിരുന്നു. കൊലപാതക വാർഷിക ദിനത്തിൽ നിരാഹാര സമരം ഉൾപ്പടെ സംഘടിപ്പിച്ചു അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു.