പാലക്കാട്: നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാർത്ഥികൾ നാളെ സ്‌കൂളിലേക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ 1002 സ്കൂളുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇതിൽ മൂന്ന് സ്‌കൂളുകൾക്ക് ഒഴികെ ബാക്കിയുള്ളവയ്ക്ക് ഫിറ്റ്നസ് ലഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ പറഞ്ഞു. ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികൾക്കായി മറ്റ് സ്‌കൂളുകളിൽ ക്ലാസ് നടത്താനാണ് തീരുമാനം.
ആസ്ബറ്റോസ്, ടിൻ ഷീറ്റ് മേഞ്ഞ ക്ലാസ് മുറികളുള്ള സ്‌കൂളുകളിൽ പഠനം കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ ക്ലാസ് മുറികൾക്ക് കുറവ് വന്നാൽ ലാബ്, ലൈബ്രറി, മറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശനം നടത്തിയിരുന്നു. സ്‌കൂളുകളിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ മാറ്റി അണുവിമുക്തമാക്കി, അപകടഭീഷണിയുള്ള മരങ്ങളും നീക്കം ചെയ്തു. കൂടാതെ രക്ഷിതാക്കളുടെ സമ്മതത്തോടെ ആവശ്യമുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ സിവിൽ സപ്ലൈസ് മുഖേന സാമഗ്രികൾ എത്തിക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. സ്‌കൂളുകളിൽ രക്ഷിതാക്കളുടെയും പി.ടി.എയും യോഗം ചേർന്ന് ഇതിനുള്ള ക്രമീകരണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിക്കുക. അനാവശ്യമായി ആരെയും സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കില്ല. ആവശ്യമായി വന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കൂ.
ഭൂരിഭാഗം എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും കുറച്ച് സർക്കാർ സ്‌കൂളുകളിലുമാണ് സ്‌കൂൾ ബസുകൾ ഗതാഗത യോഗ്യമാക്കി കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ പ്രാപ്തമായിട്ടുള്ളത്. മറ്റ് സ്‌കൂളുകളിൽ കെ.എസ്.ആർ.ടി.സി സേവനം ഉപയോഗപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. അദ്ധ്യാപകരുടെയും ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും രണ്ട് ഡോസ് വാക്സിനേഷൻ 95 ശതമാനം പൂർത്തിയായി.
-മാർഗനിർദ്ദേശങ്ങൾ കൈമാറി
കൊവിഡ് മാർഗനിർദേശങ്ങൾ രക്ഷിതാക്കൾക്ക് കൈമാറിയിട്ടുണ്ട്. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ സ്‌കൂളുകളിലേക്ക് 1700 തെർമൽ സ്‌കാനറുകൾ വിതരണം ചെയ്തിട്ടുണ്ട്. ആവശ്യമുള്ള കുട്ടികൾ ഓൺലൈൻ രജിസ്‌ട്രേഷൻ മുഖേന ഹോമിയോ കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കാനും സംവിധാനമുണ്ട്.
- സ്‌കൂളുകൾ സജ്ജം
ജില്ലയിലെ സ്‌കൂളുകൾ കുട്ടികളെ സ്വീകരിക്കാൻ സജ്ജമാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കൗൺസലിംഗ് നൽകാനും നടപടിയായിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ വരാൻ പ്രോത്സാഹിപ്പിക്കും.
- മൃണ്മയി ജോഷി, ജില്ലാ കളക്ടർ
- രക്ഷിതാക്കൾ സഹകരിക്കണം
അദ്ധ്യപകരും രക്ഷിതാക്കളും ചേർന്ന് വിദ്യാലയങ്ങൾ ശുചീകരിച്ച് കുട്ടികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനുള്ള ഒരുക്കം ജില്ലയിൽ നടത്തിയിട്ടുണ്ട്. സർക്കാർ അദ്ധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളുടെ പൂർണ സഹകരണവും ഉണ്ടാകണം.
- കെ. ബിനുമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
- ഫിറ്റ്നസ് ഉറപ്പാക്കും
ഒന്നര വർഷത്തോളം ഓടാതിരുന്നതിനാൽ ബസുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നിരിക്കുകയാണ്. ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം മാത്രമേ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കൂ. നിലവിൽ സ്‌കൂളുകളിലെത്തി പരിശോധന നടത്തിവരുന്നുണ്ട്.
- എൻ. തങ്കരാജ്, ആർ.ടി.ഒ, പാലക്കാട്
- ബോണ്ട് സർ വീസുകൾ നടത്തും
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് ജില്ലയിലെ കെ.എസ്.ആർ.ടി.സി ബസുകൾ ബോണ്ട് സർവീസ് നാളെ മുതൽ നടത്തും. നിലവിൽ ചിറ്റൂർ വിജയമാത, കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂൾ, അകത്തേത്തറ ഗവ. യു.പി സ്‌കൂൾ എന്നിവ ബോണ്ട് സർവീസിന് സമീപിച്ചിട്ടുണ്ട്. ഒരു ബസിൽ കുറഞ്ഞത് 40 കുട്ടികൾക്ക് ഇരുന്ന് യാത്ര ചെയ്യാം. സ്‌കൂൾ അധികൃതർ നിശ്ചയിക്കുന്ന സ്റ്റാഫിനും യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും സർവീസ്. സ്‌കൂളിന്റെ പേരുവിവരം ബസിൽ പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്കായുള്ള ബോണ്ട് സർവീസുകളിൽ കഴിയുന്നതും വനിതാ കണ്ടക്ടർമാരെയാണ് നിയോഗിക്കുക.
- ടി.എ. ഉബൈദ്, എ.ടി.ഒ, പാലക്കാട്