nel

പാലക്കാട്: നെൽക്കർഷകർക്ക് നെല്ലിന്റെ താങ്ങുവില 28 രൂപ 72 പൈസയിൽ നിന്നും 28 രൂപയാക്കി കുറച്ച സർക്കാർ നടപടി വഞ്ചനയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ. കേന്ദ്രസർക്കാർ 72 പൈസയും സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 52 പൈസയും സംഭരണ വിലയിൽ വർദ്ധിപ്പിച്ചപ്പോൾ വലിയ ആശ്വാസമാണ് നെൽക്കർഷകർക്ക് ഉണ്ടായത്. സംസ്ഥാന കൃഷിമന്ത്രി ഇക്കഴിഞ്ഞ ദിവസം പാലക്കാട് വന്നപ്പോൾ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിക്കുമെന്ന് നെൽക്കർഷകർക്ക് ഉറപ്പു നൽകിയതാണ്. കേന്ദ്രസർക്കാർ 19 രൂപ 40 പൈസ സംഭരണ വിലയായി നൽകുമ്പോൾ സംസ്ഥാന സർക്കാർ എട്ടു രൂപ 80 പൈസ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി സംസ്ഥാന സർക്കാർ കുറവ് വരുത്തിയ 72 പൈസ പുനഃസ്ഥാപിച്ചു കൃഷിമന്ത്രി നെൽക്കർഷകർക്ക് ഉറപ്പുനൽകിയ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.