പാലക്കാട്: വന്യമൃഗശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം വന്യമൃഗസംരക്ഷണവും ഉറപ്പ് വരുത്തുന്ന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായും ഉടൻ അംഗികാരത്തിനായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കഴിഞ്ഞ ദിവസങ്ങളിൽ മലമ്പുഴയിൽ പുലി കണ്ടുവെന്ന അഭ്യൂഹത്തെ തുടർന്ന് ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം സന്ദർശിക്കണമെന്ന എ. പ്രഭാകരൻ എം.എൽ.എയുടെ ആവശ്യപ്രകാരം ഇന്നലെ എത്തിയതായിരുന്നു മന്ത്രി.
അകത്തേത്തറ പഞ്ചായത്തിലെ മൈത്രി നഗർ, പപ്പാടി, മലമ്പുഴ പഞ്ചായത്തിലെ ജില്ലാ ജയിൽ പരിസരം, ആശുപത്രി, പൊലീസ് സ്റ്റേഷൻ പരിസരം എന്നിവയും മന്ത്രി സന്ദർശിച്ചു. വനപ്രദേശങ്ങളിൽ ഇപ്പോഴുള്ള അകേഷ്യപോലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റി, ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുന്ന ദീർഘകാല പദ്ധതി നടപ്പാക്കും. മലയോര മേഖലയിൽ താമസിക്കുന്നവർ ഗുരുതര പ്രതിസന്ധിയിലാണ്, ഇവരെ സംരക്ഷിക്കാൻ ശാസ്ത്രീയമായ പദ്ധതി നടപ്പാക്കും. വന്യമൃഗ അക്രമണത്തിന് വിധേയമാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വാച്ചർമാരെ നിയമിക്കും. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ സേനയ്ക്ക് ആധുനിക സംവിധാനമുള്ള ഉപകരണങ്ങൾ നൽകി കാടുകയറ്റും. നിലവിൽ പുലിഭീഷണിയുള്ള പ്രദേശത്ത് കുടുതൽ കാമറകൾ സ്ഥാപിക്കാനും, ആവശ്യഘട്ടത്തിൽ പുലിയെ കെണിയൊരുകി പിടിക്കണമെന്നും മന്ത്രി വനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. എ. പ്രഭാകരൻ എം.എൽ.എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പിള്ളി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.