1
പ്രതി യു.കെ. രാജേന്ദ്രൻ

കടമ്പഴിപ്പുറം: അഞ്ചുവർഷം നീണ്ട ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ അറുതിയായി കണ്ണുകുറിശ്ശി ഇരട്ടക്കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. 2016 നവംബർ 15ന് കടമ്പഴിപ്പുറം ഉണർന്നെഴുന്നേറ്റത് നടുക്കിയ വാർത്തയുമായിട്ടായിരുന്നു. കണ്ണുകുറിശ്ശിയിൽ വടക്കേക്കര ചിരപ്പത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവർ കിടപ്പുമുറിയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടുവെന്ന നാട്ടുകാരെ ആശങ്കയിലും അതിലേറെ കണ്ണീരിലുമാക്കി.

കൊലപാതകം നടന്ന് അഞ്ചുവർഷം തികയുമ്പോൾ അയൽവാസി കൂടിയായ കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടിൽ യു.കെ. രാജേന്ദ്രനെ (രാജു - 49) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ദമ്പതിമാരുടെ അയൽവാസിയായ പ്രതി ചെന്നൈയിൽ ചായക്കട നടത്തിവരികയായിരുന്നു. കേസിന്റെ തുടക്കത്തിൽ സംശയിച്ചിരുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവർഷമായി നടത്തിയ നിരന്തര പരിശോധനകൾക്കും തെളിവെടുപ്പുകൾക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി: എസ്. ശ്രീജിത്ത് പറഞ്ഞു.

ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതത്രെ. തങ്കമണി ധരിച്ചിരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും മോഷ്ടിച്ചിരുന്നു.

ദമ്പതിമാരുടെ കൈവശം മക്കൾക്ക് വീടും സ്ഥലവും വാങ്ങാൻ ലക്ഷ്യമിട്ട് കരുതിയിരുന്ന പണവും സ്വർണവും ഉണ്ടെന്നും ഇത് ചെന്നൈയിൽ തനിക്കുണ്ടായ 1.9 ലക്ഷത്തിന്റെ കടബാദ്ധ്യത തീർക്കുന്നതിനായി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

കൊലപാതകം ആസൂത്രണം ചെയ്ത ശേഷം ദൃശ്യം സിനിമയിലേത് പോലെ സംഭവം നടന്ന ദിവസത്തിന് തലേന്ന് രാവിലെ 11ന് ചെന്നൈക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് രാജേന്ദ്രൻ ഇറങ്ങി. അതോടൊപ്പം ഇയാൾ ബസിൽ വച്ച് അയൽവാസിയായ സ്ത്രീക്ക് ടിക്കറ്റും എടുത്തുനൽകിയിരുന്നു. തുടർന്ന് പാലക്കാട് വരെ ബസിലെത്തിയശേഷം രാത്രി തിരിച്ച് കടമ്പഴിപ്പുറത്തെത്തുകയായിരുന്നു. തുടർന്നാണ് ആസൂത്രിതമായി കൊലപാതകം നടത്തി വീണ്ടും ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.

ദമ്പതിമാർ കൊല്ലപ്പെടുന്നതിന് തലേന്ന് കടമ്പഴിപ്പുറത്തുനിന്ന് പോയ ഇയാൾ കൊലപാതകം പുറത്തറിഞ്ഞ 15ന് രാത്രി 11.30ന് ചെന്നൈയിലെ ലോഡ്ജിൽ മുറിയെടുത്തതും അന്വേഷണത്തിന് തുമ്പായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിലാണ് തലേന്ന് രാത്രി ഉറങ്ങിയതെന്ന് പറഞ്ഞ നുണയും പിടിവള്ളിയായി.
ചെന്നൈയിലെ കോയമ്പേടിൽ ഒമ്പതാംക്ലാസ് പഠനകാലം മുതൽ അച്ഛനോടൊപ്പം ചായക്കട നടത്തിവരികയായിരുന്നു രാജേന്ദ്രൻ. ചൂടുവെള്ളവും മറ്റും സ്ഥിരമായി കൈയിൽ തട്ടി കൈരേഖയിൽ മാറ്റമുണ്ടായത് സാമ്യം തിരിച്ചറിയാൻ കഴിയാതെ വരുന്നതിന് ഇടയാക്കി. കൊവിഡ് അടച്ചിടലിനെത്തുടർന്ന് ചായക്കടകൾ പൂട്ടിയതോടെ തിരിച്ച് കടമ്പഴിപ്പുറത്തെത്തിയ രാജേന്ദ്രന്റെ കൈരേഖയ്ക്കുള്ള സാമ്യം പൊലീസ് തിരിച്ചറിയുകയായിരുന്നു. കേസിൽ ഒരുലക്ഷത്തിലേറെ ഫോൺ കോളുകളും 2000ത്തിലേറെ കൈരേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.
അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേർക്കും പൊലീസ് അവാർഡിന് ശുപാർശ ചെയ്യുമെന്ന് എ.ഡി.ജി.പി. പറഞ്ഞു.