ചിറ്റൂർ: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപവത്ക്കരണം ജില്ലാതല ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി. സെയ്തലവി പദ്ധതി വിശദീകരിച്ചു.
വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോഷി ബ്രിട്ടോ, ഉഷ നന്ദിനി, പെരുമാട്ടി സി.ഡി.എസ് ചെയർപേഴ്സൺ വി.അംബിക, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ സി.സബിത എന്നിവർ പങ്കെടുത്തു. പെരുമാട്ടി പഞ്ചായത്തിൽ 18 വാർഡിലും ഓക്സിലറി ഗ്രൂപ്പുകൾ രൂപവത്കരിച്ചു. കുടുംബശ്രീ അംഗത്വം കുടുംബത്തിൽ ഒരാൾക്ക് എന്ന നിലയിൽ പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ സമൂഹത്തിലെ 18നും 40നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിപക്ഷത്തിനും കുടുംബശ്രീയുടെ ഭാഗമാകുന്നതിന് സാധിക്കാതെ വരുന്നുണ്ട്.
ഈ സാഹചര്യത്തിൽ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയിൽ കൊണ്ടുവരുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, വിവിധ തൊഴിൽ സാദ്ധ്യതകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമായാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപം നൽകുന്നത്.
ജില്ലയിൽ 1730 വാർഡുകളിലും ഇത്തരം യുവതീ സംഘങ്ങൾ രൂപീകരിക്കും. ഒരു വാർഡിൽ 18നും 40നും വയസിന് ഇടയിലുള്ള 50 യുവതികളടങ്ങുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുക. സ്ത്രീധനം, ഗാർഹിക പീഡനം, മദ്യം, മയക്കുമരുന്ന് എന്നിവയെ പ്രതിരോധിക്കുന്ന കരുത്തുറ്റ പ്രാദേശിക സംവിധാനങ്ങളായും ഗ്രൂപ്പുകൾ പ്രവർത്തിക്കും. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കുക, സ്ത്രീധനം, ഗാർഹിക പീഡനങ്ങൾ തുടങ്ങി സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക എന്നിവയാണ് ഓക്സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യം.