ശ്രീകൃഷ്ണപുരം: കൊവിഡ് ബ്രിഗേഡ്സിന്റെ കാലാവധി ഒക്ടോബറിൽ തീർന്നതോടെ മാങ്ങോട്ടെ കൊവിഡ് രണ്ടാം തല ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം നിലയ്ക്കും. ദേശീയാരോഗ്യ ദൗത്യത്തിന് കീഴിൽ താത്കാലികമായി നിയമിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള 74 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് പ്രതിസന്ധിയാകുന്നത്. മാങ്ങോട്ടെ കേന്ദ്രത്തിനൊപ്പം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ വാർഡിന്റെയും പ്രവർത്തനം നിലയ്ക്കുമെന്നാണ് ആശങ്ക.
ഒക്ടോബർ 31ന് തന്നെ ദേശീയാരോഗ്യദൗത്യത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരുടെയും നിയമനം അവസാനിപ്പിക്കാനാണ് തീരുമാനം. മാങ്ങോട്ടേക്ക് പുതിയ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തിയിരുന്നു. പുതുതായെത്തുന്ന കൊവിഡ് രോഗികളെ ജില്ലാശുപത്രിയിലേക്കും കിൻഫ്രയിലെ ചികിത്സാകേന്ദ്രത്തിലേക്കുമാണ് മാറ്റുന്നത്. മാങ്ങോട് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ നിർദേശം വന്നിട്ടില്ലെങ്കിലും ജീവനക്കാർ ഇല്ലാതാകുന്നതോടെ നവംബർ ഒന്നോടെ പ്രവർത്തനം അവസാനിക്കും.
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതും പ്രവർത്തനം നിറുത്തുന്നതിന് കാരണമാണ്. ജീവനക്കാരുടെ കുറവുമൂലം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ വാർഡുകളിൽ രാത്രി മാത്രമായി സേവനം ചുരുക്കിയേക്കും. രാത്രി പ്രവേശിപ്പിക്കുന്നവരെ രാവിലെ പാലക്കാട്ടേക്ക് മാറ്റുന്ന രീതിയിലാകും പ്രവർത്തനമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.