1
പട്ടയവുമായി സാബുവും ഭാര്യ സുനിതയും

തെങ്ങമം : പട്ടയം കിട്ടിയ വസ്തുവിനായി ആറു വർഷമായി വില്ലേജോഫീസ് കയറിയിറങ്ങി തെങ്ങമം പ്ലാവിള തെക്കതിൽ സാബുവും കുടുംബവും. സർക്കാരിന്റെ സീറോ ലാൻഡ് പദ്ധതിയിൽ ഉൾപെട്ട് മൂന്ന് സെന്റ് വസ്തുവിന്റെ ഉടമകളായപ്പോൾ ഒരുപാട് സന്തോഷിച്ചതാണ് ഇവർ. വീടെന്ന സ്വപ്നവും കണ്ടു. 2015ലാണ് പള്ളിക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 35ൽ 237-ാം നമ്പർ സർവേയിൽ ഇവർക്ക് മൂന്ന് സെന്റ് വസ്തുവിന് പട്ടയം ലഭിച്ചത്. പട്ടയവുമായി കഴിഞ്ഞ ആറ് വർഷമായി ഇവർ പള്ളിക്കൽ വില്ലേജോഫീസ് കയറിയിറങ്ങുകയാണ്. ഇതുവരെ പട്ടയത്തിൽ പറഞ്ഞ ഭൂമി എവിടെയാണന്നോ ഇവർക്ക് പേരിൽ കൂട്ടി കരം അടച്ച് നൽകുകയോ ചെയ്തിട്ടില്ല. ഓരോ കാരണങ്ങൾ പറഞ്ഞ് അധികൃതർ വലക്കുകയാണ് ഈ പാവങ്ങളെ. എന്തുകൊണ്ട് പട്ടയം കിട്ടുന്നില്ലന്ന് റവന്യു അധികൃതർ വ്യക്തമാക്കുന്നില്ല. വസ്തു ഇല്ലെങ്കിലും രേഖപ്രകാരം മൂന്ന് സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശികളായതിനാൽ ലൈഫ് പദ്ധതിയിൽ നിന്ന് ഭൂമി കിട്ടാതെ ഒഴിവായി. വീടുമില്ല. ഭൂമിയുമില്ല. ഒരു കഷണം കടലാസുമായി ഓരോ ദിവസവും നീറി കഴിയുകയാണ് ഈ കുടുംബം. ഭാര്യ സുനിതയും പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ സുമിത്ര. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ ശ്രീകാന്ത് എന്നിവരുമൊത്ത് വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് സാബു.

......................

അധികൃതർ പറയുന്നത്

കെ.ഐ.പി വക സ്ഥലമാണ് പട്ടയം നൽകിയതെന്നും അതിനാൽ കെ.ഐ.പി അനുമതി വേണമെന്നുമാണ് വില്ലേജ് അധികൃതരുടെ വിശദീകരണം. അന്വേഷിച്ചു ചെല്ലുമ്പോൾ വിളിക്കാം എന്ന മറുപടിയാണ് പറയുന്നത്.