toun-hall

പത്തനംതിട്ട : വൈദ്യുതി സംബന്ധമായ ജോലികൾക്ക് അനുമതി ലഭിക്കാത്തതിനാൽ പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ ടൗൺ ഹാളിന്റെ നവീകരണ ജോലികൾ നീളും. അടുത്തമാസം പണി പൂർത്തീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇലക്ട്രിക്കൽ ജോലികൾക്ക് എസ്റ്റിമേറ്റ് നൽകിയെങ്കിലും ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അത് ലഭിച്ചാലേ മറ്റ് പണികൾ ആരംഭിക്കാനാകു. ആഗസ്റ്റിലാണ് ടൗൺ ഹാളിന്റെ പണി ആരംഭിച്ചത്.

ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനായി 35 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. പ്രൊജക്ടർ, ഉച്ചഭാഷിണി, ശബ്ദനിയന്ത്രണ സംവിധാനങ്ങൾ, എ.സി തുടങ്ങിയവ സജ്ജീകരിക്കുന്നതിനായി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനാണ് അനുമതി ലഭിക്കാത്തത്.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് ക്ഷേത്രപ്രവേശനവിളംബരത്തോടനുബന്ധിച്ച് പണികഴിപ്പിച്ച ടൗൺഹാളാണിത്.

കേരളീയ വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിൽ തടിയാണ് ഉപയോഗിച്ചിരുന്നത്. ബലക്ഷയം സംഭവിച്ചതിനാൽ വരാന്തയിലെ മരത്തൂണുകൾക്ക് പകരം ഇനി കൽത്തൂണുകൾ സ്ഥാപിക്കും. മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ ആണ് ഉപയോഗിച്ചിരിക്കുന്നത്.

പുറംഭിത്തി, ജനലുകൾ തുടങ്ങി നിലനിറുത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം.

"ആഗസ്റ്റ് ഒന്നിന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഇലക്ട്രിഫിക്കേഷൻ പണി പൂർത്തിയാകാതെ മറ്റ് പണികൾ നടത്താനാവില്ല. ഒരുമാസം കൊണ്ട് പണിപൂർത്തീകരിക്കാനാണ് ശ്രമം.

സക്കീർ ഹുസൈൻ

നഗരസഭ ചെയർമാൻ

"ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ അനുമതി ലഭിക്കണം. അനുമതി ലഭിച്ചാൽ ഉടൻ എസ്റ്റിമേറ്റ് പാസാക്കും. ഉടൻ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

എൻ.ജി ഹരികുമാർ

(ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ)