റാന്നി: 2018ലെ മഹാ പ്രളയത്തിൽ നശിച്ചുപോയ ആധാരങ്ങൾക്ക് റാന്നി- സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും പകർപ്പ് നൽകിയെങ്കിലും നിയമപ്രകാരം വസ്തുതകൾ രേഖപ്പെടുത്താതിരുന്നത് നാട്ടുകാരെ വലക്കുന്നു. പ്രളയത്തിൽ റാന്നിയിൽ നൂറ് കണക്കിന് ആളുകളുടെ വസ്തുവിന്റെ ആധാരങ്ങളാണ് നശിച്ചത്. തുടർന്ന് ടാക്സ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് റാന്നി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ഇത്തരക്കാരുടെ ആധാരത്തിന്റെ പകർപ്പ് നൽകി. എന്നാൽ പകർപ്പ് നൽകാൻ കാരണം പ്രളയത്തിൽ നശിച്ചുപോയതുകൊണ്ടാണെന്ന് രേഖപ്പെടുത്താതെയാണ് സബ് രജിസ്ട്രാർ പകർപ്പ് നൽകിയത്. കൂടാതെ ഇതിനാധാരമായ സർക്കാർ ഉത്തരവിന്റെ വിവരവും രേഖപ്പെടുത്തിയിരുന്നില്ല . ഇത് മൂലം പകർപ്പെടുത്ത ആധാരങ്ങൾക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണുള്ളത്. റാന്നി സ്വദേശി അനില കുമാരിഗൃഹനിർമ്മാണ വായ്പയ്ക്കായി എൽ.ഐ.സി യെ സമീപിച്ചപ്പോഴാണ് കൈവശമുളളത് ഉപയോഗശൂന്യമായ ആധാരങ്ങളാണെന്ന് ബോദ്ധ്യമായത്. ഇവർ വീണ്ടും റാന്നി സബ് രജിസ്ട്രാർ ഓഫീസിനെ സമീപിച്ചെങ്കിലും ഇതിനായുള്ള സർക്കാർ ഉത്തരവിന്റെ കാലാവധി അവസാനിച്ചതായുള്ള മറുപടിയാണ് ലഭിച്ചത്. ഇനിയും സർക്കാർ ഉത്തരവിൽ സമയം നീട്ടി നൽകിയെങ്കിലെ ആധാരങ്ങളിൽ വിവരം രേഖപ്പെടുത്താൻ കഴിയൂ എന്നുമാണ് അധികൃതരുടെ മറുപടി. തുടർന്ന് ഇവർ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർ നടപടിക്കായി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറിയതായി അറിയിപ്പും വന്നു. പിന്നീട് പലതവണ ഐ.ജി ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. അതോടെ ഇവരുടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും തകരുകയാണ്.

അടിയന്തര ഇടപെടൽ വേണം

സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപ്പെടണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരത്തിൽ നൂറ് കണക്കിനാളുകളാണ് ഉപയോഗരഹിതമായ ആധാരങ്ങളുമായി സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്.