മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിലെ കിഴക്കൻ പ്രദേശങ്ങളിൽ സർവീസ്‌ നടത്തിയിരുന്ന കെ.എസ്.ആർ.സി ബസുകൾ വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളരെ കുറച്ച് സർവീസുകൾ മാത്രമായിരുന്നെങ്കിലും മുൻപ് ഓടിക്കൊണ്ടിരുന്ന പല സർവീസുകളും ഇപ്പോൾ പൂർണമായും നിലച്ചമട്ടാണ്. മല്ലപ്പള്ളി,​ മുരണി,​ ചുങ്കപ്പാറ റൂട്ടിൽ ദിവസേന ആറ് സർവീസുകളാണ് നടത്തിയിരുന്നത്. ഇപ്പോൾ രണ്ടു മാത്രമായി ചുരുങ്ങി. എഴുമറ്റൂർ,​ ചാലാപ്പള്ളി,​ പൊന്തൻപുഴ,​ പൊൻകുന്നം,​ കാഞ്ഞിരപ്പള്ളി എരുമേലി,​ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസുകളും കെ.എസ്.ആർ.ടി.സിയും ഒരുപോലെ സർവീസ് നിറുത്തിയിരിക്കുകയാണ്. ഈ മേഖലകളിൽ നിന്നും മല്ലപ്പള്ളി ടൗണിലേക്കും കോട്ടയത്തേക്കും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വരുന്ന ആളുകൾ ദുരിതത്തിലായിരിക്കുകയാണ്. തിരുവല്ലയിൽ നിന്നും മല്ലപ്പള്ളി വഴി ചുങ്കപ്പാറയിൽ അവസാനിപ്പിക്കുന്ന സർവീസുകൾ എരുമേലിയിലേക്കോ, കാഞ്ഞിരപ്പള്ളിയിലേക്കോ, മണിമലയിലേക്കോ നീട്ടിയാൽ ഒരുപാട് യാത്രക്കാർക്ക് പ്രയോജനം ചെയ്യും. സ്‌കൂളുകൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ സർവീസുകൾ കുറയുന്നതും, ഇല്ലാതായതും വലിയ യാത്രാ ക്ലേശത്തിന് ഇടയാക്കും.