മല്ലപ്പള്ളി : അങ്കണവാടി അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ജോലി ഭാരം വർദ്ധിപ്പിക്കുന്നതിന് എതിരെ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിലവിലുള്ള ജോലികൾക്കു പുറമെ കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ പരിമിതമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ചു നടപ്പിലാക്കാനാണ് ശ്രമം. ഇതോടെ തൊഴിലാളികളുടെ ജോലി ഭാരം പതിന്മടങ്ങായി വർദ്ധിക്കുന്നു. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.കെ. സുകുമാരൻ സമരം ഉദ്ഘാടനം ചെയ്തു. എസ്. മായാദേവി അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഷിനു കുര്യൻ, പി.കെ. ഗീത, ഷീജാ മേൾ എൻ.ആർ.,വി. ശ്രീദേവി, സനിതാ പി. ഗോപാൽ, റസീനാ പി.എസ്. എന്നിവർ പ്രസംഗിച്ചു.