ചെങ്ങന്നൂർ: കിഴക്കോട്ട് ഒഴുകുന്ന വരട്ടാറിനെ പടിഞ്ഞാറേക്ക് ഒഴുക്കാൻ ആഴംകൂട്ടുന്ന ജോലികൾ ഉടൻ തുടങ്ങും. ആദിപമ്പ -വരട്ടാർ നദി പുനരുജ്ജീവനത്തിന്റെ ഭാഗമായാണിത്.
പുതുക്കുളങ്ങര ചപ്പാത്ത് പൊളിച്ചുള്ള പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കൈവരിയുടെയും അപ്രോച്ച് റോഡിന്റെയും പണികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാസത്തിനുള്ളിൽ പാലം പൂർത്തിയാകും. പരിസ്ഥിതി ആഘാത പഠനം നടത്താൻ കിറ്റ്കോയെ ഏൽപ്പിച്ചു.
കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ , തിരുവൻവണ്ടൂർ പഞ്ചായത്തിുകളിലൂടെയും ചെങ്ങന്നൂർ നഗരസഭയിലൂടെയും കടന്നുപോകുന്ന ആദി പമ്പ-വരട്ടാർ നദികളുടെ അതിർത്തിയും സ്വകാര്യ വസ്തുവും വേർതിരിച്ച് സ്ഥാപിക്കുന്ന നടപ്പാതയുടെ ആദ്യ ഘട്ടം പൂർത്തിയായി വരുന്നു. ഇരവിപേരൂർ പഞ്ചായത്ത് പരിധിയിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കുന്നത്.
നദീ പുനരുജ്ജീവനത്തിന് ജനകീയ മുന്നേറ്റം, സുതാര്യമായ പ്രവർത്തനങ്ങൾക്ക് സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവയായിരുന്നു വരട്ടാർ പുനരുജ്ജീവന പ്രവർത്തനം ദേശീയ തലത്തിൽ പോലും ചർച്ച ചെയ്യാൻ ഇടയാക്കിയത്.
സുതാര്യത ഇല്ലാതായി
വരട്ടാർ പുനരുജ്ജീവനത്തിലെ സുതാര്യത പിന്നീട് ഇല്ലാതായി. അതിർത്തി നിർണയം, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ പല കാര്യങ്ങളും ജനങ്ങൾ അറിഞ്ഞില്ലെന്ന് പരാതി ഉയർന്നു. നദീതീരത്ത് ഗ്രീൻ ട്രൈബൂണലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി കോൺക്രീറ്റ് നിരത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു. അടുത്ത ഘട്ടത്തിൽ കോൺക്രീറ്റ് കാട് ഉണ്ടാവില്ലെന്നാണ് ഇറഗേഷൻ അധികൃതർ പറയുന്നത്. ആനയാർ മുതൽ പുതുക്കുളങ്ങര വരെ വരട്ടാർ കിഴക്കോട്ടാണ് ഒഴുകുന്നത്. വെള്ളത്തിന്റെ ചരിവുമാനം (ഗ്രേഡിയന്റ്) നിർണയിച്ച് ഇത് പരിഹരിക്കുന്നത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമല്ല. വീതിയും ആഴവും കൂട്ടാനുള്ള പ്രവർത്തനങ്ങൾ എങ്ങനെയെന്ന് വരട്ടാർ തീരത്തുള്ള ജനപ്രതിനിധികളോടുപോലും ഇറഗേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.