പഴകുളം : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്നുമുതൽ വിപുലമായ പരിപാടികൾ ആവിഷ്ക്കരിച്ച് പഴകുളം കെ.വി.യു.പി.സ്കൂൾ. ആധുനിക കാലത്തും ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി കുട്ടികളെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗാന്ധി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ ഓരോ കുട്ടിക്കും ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടർ നൽകുന്നു. 20 രൂപ ചെലവുവരുന്ന ഈ കലണ്ടറിൽ കുട്ടി തന്നെ കണ്ടെത്തിയ ഗാന്ധി വചനവും കുട്ടിയുടെ ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെ കുട്ടികൾക്ക് കൂടുതൽ അടുത്തറിയുന്നതിനായി സ്കൂളിലെ കുട്ടികളെല്ലാവരും ഗാന്ധിജിയെ അറിയാൻ എന്ന പേരിൽ കുറിപ്പുകൾ തയാറാക്കി ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. കൂടാതെ എന്റെ ബാപ്പുജി എന്ന പേരിൽ 10 ഗാന്ധിയൻ സൂക്തങ്ങൾ കുട്ടികളെല്ലാവരും മന:പാഠമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് കവിതാ മുരളി, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ് സോഷ്യൽ സയൻസ് ക്ലബ് കൺവീനർ വന്ദനാ. വി.എസ്. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.