കോന്നി: പണി തുടങ്ങിയത് അഞ്ചുവർഷം മുമ്പ്. ഇതുവരെ തീർന്നത് മൂന്ന് തൂണുകൾ മാത്രം. കോന്നി പഞ്ചായത്തിലെ ചിറ്റൂർ കടവ് പാലത്തിന്റെ ഗതിയാണിത്.
അച്ചൻകോവിലാറിന്റെ ഇരുകരകകളിലുമുള്ള അട്ടച്ചാക്കലിനെയും ചിറ്റൂർ മുക്കിനെയും പരസ്പരം ബന്ധിപ്പിക്കാനാണ് പാലംനിർമ്മിക്കുന്നത്. റിവർ മാനേജ്‍മെന്റ് ഫണ്ടിലെ രണ്ടരക്കോടി രൂപ ഉപയോഗിച്ച് 2016 ലാണ് പണി ആരംഭിച്ചത്. പണി മുടങ്ങിയതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. പണി തുടങ്ങുന്നതിന് മുമ്പ് ഇവിടെ കടത്തുവള്ളമുണ്ടായിരുന്നു. പണി തുടങ്ങിയതോടെ അത് നിലച്ചു. ആറ്റിൽ ജലനിരപ്പുയർന്നാൽ മറുകരയെത്താൻ മറ്റുവഴികൾ തേടേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.
കോൺക്രീറ്റ് തൂണുകളിലെ കമ്പികൾ തുരുമ്പിച്ചു. പാലം യഥാർത്ഥ്യമായാൽ കോന്നി, മലയാലപ്പുഴ, പ്രമാടം, തണ്ണിത്തോട്, അരുവാപ്പുലം തുടങ്ങിയ പഞ്ചായത്തുകളിലെ ജങ്ങൾക്കു പ്രയോജനം ചെയ്യും. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർ മൂക്കിനെയും കോന്നി, അട്ടച്ചാക്കൽ, വെട്ടൂർ, കുമ്പഴ റോഡിലെ അട്ടച്ചാക്കലിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം കോന്നി ടൗണിലെ ഗതാഗത ക്കുരുക്കിനും ഒരു പരിധിവരെ പരിഹാരമാകും. കോന്നി മെഡിക്കൽ കോളേജിലേക്കും പാലത്തിലൂടെ പ്രദേശവാസികൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും . കിഴക്കുപുറം എസ്. എൻ.ഡി.പി യോഗം കോളേജ്, കൊന്നപ്പാറ വി.എൻ.എസ് കോളേജ്, താവളപ്പാറ സെന്റ്. തോമസ് കോളേജ്, അട്ടച്ചാക്കൽ കേന്ദ്രീയ വിദ്യാലയം, അട്ടച്ചാക്കൽ സെന്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും പാലം പ്രയോജനപ്പെടും.
പാലത്തിന് 'പണി ' കിട്ടിയത് ഇങ്ങനെ
നിർമ്മിതി കേന്ദ്രത്തിനായിരുന്നു പാലത്തിന്റെ നിർമ്മാണ ചുമതല . നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് പരാതി ഉയർന്നതോടെയാണ് ആദ്യം പണി നിറുത്തിവച്ചത്. അന്വേഷണത്തിൽ അപാകതയില്ലെന്ന് കണ്ടെത്തി പണി തുടർന്നെങ്കിലും കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ വീണ്ടും മുടങ്ങുകയായിരുന്നു.
പണി തുടങ്ങിയത് 2016 ൽ
അനുവദിച്ചത് 2.50 കോടി