അടൂർ : അടൂർ - കോഴഞ്ചേരി റോഡ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് വീതികൂട്ടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടി വൈകുന്നു.ഇതിൽ തെക്കേമല മുതൽ അമ്പലക്കടവ് വരെയുള്ള ആറന്മുള നിയോജക മണ്ഡലത്തിലുൾപ്പെട്ട 11കിലോമീറ്റർ ഭാഗം ടെൻഡർ നടപടികളിലേക്ക് നീങ്ങുമ്പോഴും അടൂർ നിയോജകമണ്ഡല പരിതിയിൽപ്പെട്ട 11കിലോമീറ്റർ ഭാഗത്തിന്റെ നിർമ്മാണം വൈകുമെന്നാണ് സൂചന.റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്താത്തതോടെയാണ് ഈ ഭാഗത്തെ പുനരുദ്ധാരണത്തിൽ ഉടലെടുത്ത അനിശ്ചിതത്വം. 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലാണ് ഇതിനുള്ള തുക വകകൊള്ളിച്ചത്.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി 103 കോടിരൂപയുടെ ഭരണാനുമിതിയും ലഭിച്ചു.ഇതിൽ അമ്പലക്കടവ് മുതൽ കോഴഞ്ചേരി - തെക്കേമലവരെയുള്ള ഭാഗത്തെ റോഡിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു.എന്നാൽ കിഫ്ബി നിർദ്ദേശിച്ച 12മീറ്റർ വീതി പലയിടത്തും ഇല്ലാത്തതിനെ തുടർന്ന് ടെൻഡർ റദ്ദാക്കി.നിലവിൽ 11മുതൽ 10മീറ്റർ വരെ ഇൗ മേഖലയിൽ വീതിയുണ്ട്.12മീറ്ററാക്കി ഉയർത്തുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടയുള്ള നടപടികൾക്ക് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ നിലവിലുള്ള വീതിക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ എസ്റ്റിമേറ്റ് തുകയിൽ കുറവ് വരുത്തി കിഫ്ബി ബോർഡിന്റെ അനുമതിക്കായി വീണ്ടും സമർപ്പിച്ചിട്ടുണ്ട്.

അടൂർ - അമ്പലക്കടവ് റോഡ്, സ്ഥലം ഏറ്റെടുക്കൽ തടസം

അടൂർ ആർ.ഡി.ഒ ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച് കോട്ടപ്പുറം, കീരുകുഴി വഴി തുമ്പമൺ അമ്പലക്കടവിലെത്തുന്ന 11കിലോമീറ്റർ റോഡ് വീതികൂട്ടുന്നതിന് പ്രധാന തടസമാകുന്നത് സ്ഥലം ഏറ്റെടുപ്പാണ്. ഇതിൽ 2.7കിലോമീറ്റർ വരുന്ന എം.ജി റോഡിലാണ് വീതി തീരെകുറവ്.ഏഴ് മുതൽ ആറ് മീറ്റർ വരെയാണ് നിലവിലെ വീതി. 12 മീറ്റർ വീതിയാക്കണമെങ്കിൽ സ്ഥലം വിലകൊടുത്ത് വാങ്ങണം.പ്രതിഷേധം ഉയർന്നതോടെ വീതി 10മീറ്ററാക്കി നിജപ്പെടുത്തി. സർവേനടത്തി 10മീറ്റർ വീതിയിൽ ഉയർത്തുന്നതിന് പുറമ്പോക്ക് കൈയേറ്റങ്ങൾ ഉൾപ്പെടെ കണ്ടുപിടിച്ച് അതിരുകല്ലുകൾ സ്ഥാപിച്ചത് മാത്രമാണ് ഇതുവരെ പൂർത്തിയായ ജോലി.

കളക്ടറുടെ അനുമതിക്കായി കത്ത് നൽകി

സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി കളക്ടറുടെ അനുമതിക്കായി കത്ത് നൽകിയിരിക്കുകയാണ്. ഇതിന് ഇനിയും ഏറെതാമസമുണ്ടാകുമെന്നാണ് സൂചന.

..............

നിലവിൽ ഈ റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണം

നാട്ടുകാർ

- 103 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു

- കിഫ്ബി നിർദ്ദേശിച്ച 12 മീറ്റർ വീതി ഇല്ലാത്തിനാൽ ടെൻ‌ഡർ റദ്ദാക്കി