തിരുവല്ല: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന തിരുവല്ല - മല്ലപ്പളളി - ചേലക്കൊമ്പ് റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തുടങ്ങി. നിർമ്മാണ കമ്പനിയായ റിക്ക് ഉദ്യോഗസ്ഥർ റോഡിനാവശ്യമായ സ്ഥലം കണ്ടെത്തി സ്ഥാപിച്ച കല്ലുകൾ പരിശോധിക്കുന്ന ജോലിയാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. തിരുവല്ല ദീപാ ജംഗ്ഷൻ മുതലാണ് പരിശോധനകൾ തുടങ്ങിയത്. തിരുവല്ല, കുറ്റപ്പുഴ വില്ലേജിന്റെ പകുതി ഭാഗത്തെ സർവേ ഇന്നലെ പൂർത്തിയായി. സർവേപൂർത്തിയായി സ്ഥലം ഏറ്റെടുക്കലിന് ശേഷം പണികൾ ആരംഭിക്കും. തിരുവല്ല മുതൽ മല്ലപ്പള്ളി വരെ 12 മീറ്ററും മല്ലപ്പള്ളി മുതൽ ചേലക്കൊമ്പ് വരെ 10 മീറ്ററും വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. 18 കിലോമീറ്ററാണ് റോഡിന്റെ ദൂരം. റിക് അസിസ്റ്റന്റ് എൻജിനീയർ ജയ്സൺ, ലാൻഡ് അക്വിസിഷൻ റവന്യൂ ഇൻസ്പെക്ടർ എ.ഹരീഷ്, സർവേയർമാരായ ശ്രീജിത് എസ്.ഗോപാലകൃഷ്ണൻ, വി.ബിന്റോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.