അടൂർ : തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ അഞ്ച് സ്ത്രീകൾക്ക് മിന്നലേറ്റ് പരിക്കേറ്രു.

ഏനാദിമംഗലം കുറുമ്പകര കാട്ടുകാല ഭാഗത്ത് ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ശക്തമായ മഴയ്ക്കൊപ്പമായിരുന്നു മിന്നൽ.

കുറുമ്പകര സ്വദേശികളായ ചരുവിളവീട്ടിൽ അംബിക (46), തുളസീ വിലാസത്തിൽ ലീലാദേവി (57), കമുകുംകോട് വീട്ടിൽ തങ്കമണി (64), ചെമ്മണ്ണേത്ത് പൊടിച്ചി (72), പൂവണ്ണുംമൂട്ടിൽ രാധാമണി (47) എന്നിവർക്കാണ് പരിക്കേറ്റത്. തങ്കമണിക്കും രാധാമണിക്കും പൊള്ളലേറ്റിട്ടുണ്ട്. കോളനി പരിസരത്ത് ജോലി ചെയ്യുകയായിരുന്ന ഇവർ മഴയെ തുടർന്ന് ഇവിടെയുള്ള വീട്ടിൽ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.