പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ തീർത്ഥാടന സൗകര്യമൊരുക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അപകടസാദ്ധ്യതകൾ പരിശോധിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്. അയ്യരുടെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദുരന്തനിവാരണ സുരക്ഷാ യാത്രയിൽ പങ്കെടുത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ക്രമീകരണങ്ങൾ സമയബന്ധിതമായി ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളം, വടശേരിക്കര ചെറിയകാവ് ദേവീക്ഷേത്രം, കല്ലാർ, ബംഗ്ലാംകടവ് പാലം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ കടവ്, പൂവത്തുംമൂട് പാലം, പെരുനാട് ഇടത്താവളം, ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ബേസ് ക്യാമ്പ്, അട്ടത്തോട്, പമ്പ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പമ്പ ത്രിവേണി, ഞുണങ്ങാർ പാലം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.
അസി. കളക്ടർ സന്ദീപ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, ജൂനിയർ അഡിമിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിരൺ ബാബു, നിലയ്ക്കൽ മെഡിക്കൽ ഓഫീസർ ഡോ. ഹരി, ടെക്‌നിക്കൽ അസിസ്റ്റന്റ് ശശിധരൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.