പത്തനംതിട്ട: പുത്തൻപീടിക- കൈപ്പട്ടൂർ റോഡിൽ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എൽവേറ്റഡ് ഹൈവേ ആവശ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദേശീയപാത 183എയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതുക്കിയ രൂപരേഖ സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത 183എയിൽ ഭരണിക്കാവ് മുതൽ മുണ്ടക്കയം വരെയുള്ള റോഡിന്റെയും ഇലവുങ്കൽ ളാഹ മുതൽ പമ്പ വരെയുള്ള റോഡിന്റെയും വികസനത്തിന്റെ രുപരേഖയുടെ തീരുമാനത്തിനായി ജനപ്രതിനിധികൾ പങ്കെടുത്ത പബ്ലിക് കൺസൾട്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൈലപ്രയിൽ റോഡിന് വീതി കൂട്ടേണ്ടത് അത്യാവശ്യമാണ്. അപകടങ്ങളും തിരക്കും ഒഴിവാക്കാൻ ഇവ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർത്ഥാടന സമയത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ഇലവുങ്കൽ ജംഗ്ഷനിൽ റോഡിനു വീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. എത്ര മരങ്ങൾ വെട്ടിമാറ്റണണെന്ന കണക്കും എത്രത്തോളം വനപ്രദേശം റോഡിനായി ഉപയോഗിക്കേണ്ടി വരും എന്നതിനേപ്പറ്റിയും പുതിയ രൂപരേഖയിൽ ഉൾപ്പെടുത്തണം. റോഡ് പണിയുമ്പോൾ റോഡ് സുരക്ഷയാണ് പ്രധാനമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അസിസ്റ്റൻഡ് കളക്ടർ സന്ദിപ് കുമാർ, കൊല്ലം എൻ.എച്ച് ഡിവിഷൻ ഇഇ കെ.എ ജയ, ഡെപ്യൂട്ടി ഇഇ ഷീജ തോമസ്, കൊല്ലം എൻ.എച്ച് ബൈപ്പാസ് സബ്ഡിവിഷൻ എഇഇ ജി.എസ്. ജ്യോതി, എൻ.എച്ച് ഡിവിഷൻ എഇ രാഖി എം. ദേവ്, എൻ.എച്ച് ബൈപ്പാസ് സബ്ഡിവിഷൻ എഇ അനുപ്രിയ, കൊട്ടാരക്കര എൻ.എച്ച് സെക്ഷൻ എഇ കീർത്തി, കിറ്റ്‌കോ ജനറൽ മാനേജർ പ്രമോദ്, എസ്.ടിയു.പി കൺസ്ട്രക്ഷൻ മാനേജർ സുനിൽ തോമസ്, എസ്.ടിയു.പി ഡിസൈൻ എഞ്ചിനീയർമാരായ അനിരുപൺ ചാറ്റർജി, സൗരവ് ചാറ്റർജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.