1
കല്ലേലി കൊക്കാത്തോട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

കോന്നി: കല്ലേലി കൊക്കാത്തോട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ഒരേക്കർ മുതൽ കോട്ടാംപാറ വരെയുള്ള ഭാഗങ്ങളാണ് തകർന്നു സഞ്ചാരയോഗ്യമല്ലാതായത്. ഇതിൽ ഒരേക്കർ മുതൽ കൊക്കാത്തോട് എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങൾ പി.ഡബ്ലിയു.ഡി. റോഡും,എസ്.എൻ.ഡി.പി ജംഗ്ഷൻ മുതൽ കോട്ടാംപാറ വരെയുള്ള ഭാഗങ്ങൾ പഞ്ചായത്തു റോഡുമാണ്. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നും, നാലും വാർഡുകളിൽപ്പെടുന്ന പ്രദേശങ്ങളായ കോട്ടാംപാറ, നീരമക്കുളം, അപ്പൂപ്പൻതോട്, സ്കൂൾ മുരുപ്പ്, നെല്ലിക്കപ്പാറ, വയക്കര, ഒരേക്കർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ദിവസവും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോട്ടാംപാറ, കാട്ടാത്തി ആദിവാസി കോളനികളിലെ ജനങ്ങളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കെ.എസ്. ആർ.ടി.സി, സ്വകര്യ ബസുകൾ സർവീസ് നടത്തുന്നതും ഈ റോഡിലൂടെയാണ്.

ഇരു ചക്രവാഹനയാത്രികൾ അപകടത്തിൽപ്പെടുന്നത് പതിവ്

പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കൊക്കാത്തോട്ടിലെ സ്വകാര്യ റിസോർട്ടിലെത്തുന്ന ടൂറിസ്റ്റുകളും ഈ റോഡിലൂടെയാണ് ട്രെക്കിഗും, സൈക്കിൾ സവാരിയും നടത്തുന്നത്. ഒരേക്കർ പള്ളിയുടെ ഭാഗത്തെ പാറക്കെട്ടിൽ നിന്നും വെള്ളം ഒഴുകിയിറങ്ങി ടാറിംഗ് ഒഴുകിപോയിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ വെളളം ഒഴുകി പോകാനുള്ള സൗകര്യവുമില്ല. മഴ പെയ്യുമ്പോൾ റോഡിൽ വെള്ളം കെട്ടി കിടക്കുകയാണ്.