തിരുവല്ല: കെട്ടിടം പണിക്ക് സർക്കാർ തുക അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലം തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിട നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. കെട്ടിടത്തിന് രൂപരേഖ പോലുമായില്ല. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലാണ് മൂന്നുകോടി രൂപ ഒ.പി ബ്ലോക്ക് നിർമ്മിക്കാൻ അനുവദിച്ചത്. 15 കോടി ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യഘട്ടമായി അനുവദിച്ചത് 20 ശതമാനം തുകയാണ്. എന്നാൽ കെട്ടിടം ആശുപത്രി വളപ്പിൽ എവിടെ നിർമ്മിക്കണമെന്നോ എങ്ങനെ പണിയണമെന്നോ ആശുപത്രി അധികൃതർക്ക് വ്യക്തമായ ധാരണയില്ല. പണം അനുവദിച്ച് ഒരുവർഷത്തോളമായിട്ടും കെട്ടിടത്തിന്റെ വിശദമായ രൂപരേഖയോ എസ്റ്റിമേറ്റോ തയ്യാറാക്കിയിട്ടില്ല. മൂന്നുകോടി രൂപ അനുവദിച്ച സാഹചര്യത്തിൽ പ്രത്യേകയോഗം വിളിച്ചുകൂട്ടി ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ പോലും സാധിക്കാത്തതിനാൽ അനുവദിച്ച തുക നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നു. ആശുപത്രിയുടെ വികസനത്തിന് മുതൽക്കൂട്ടാകാൻ ആരോഗ്യമന്ത്രി സമീപ മണ്ഡലത്തിൽ ഉണ്ടായിട്ടുപോലും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. തിരുവല്ല താലൂക്കിനെ കൂടാതെ എടത്വ, തലവടി, പായിപ്പാട്, മാന്നാർ എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. അടിസ്ഥാന പ്രശ്നങ്ങളിൽപോലും ആശുപത്രിയുടെ പരാധീനത കാരണം രോഗികൾ ദുരിതം അനുഭവിക്കുകയാണ്.

വികസനത്തിന് മാസ്റ്റർപ്ലാനില്ല


ആശുപത്രിയുടെ ഭാവിയിലെ വികസനം ലക്ഷ്യമിടുന്ന സമഗ്രമായ മാസ്റ്റർപ്ലാൻ ഇതുവരെയും തയ്യാറാക്കിയിട്ടില്ല. നഗരത്തിൽ ആറ് ഏക്കറിലധികം സ്ഥലം സ്വന്തമായി ഉണ്ടായിട്ടും അങ്ങിങ്ങായി പലകാലങ്ങളിൽ നിർമ്മിച്ച ചെറുതും വലുതുമായ കുറെ കെട്ടിടങ്ങൾ മാത്രമായി നിലകൊള്ളുകയാണ് താലൂക്ക് ആശുപത്രി. അടുത്തകാലത്ത് നിർമ്മിച്ച ഐ.പി ബ്ലോക്കാണ് പ്രധാനകെട്ടിടം. അഞ്ചുവർഷം മുമ്പ് നിർമ്മാണം തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണികൾ പോലും പൂർത്തിയായിട്ടില്ല.