പന്തളം : കേരളത്തിലെ ഏറ്റവും വലിയ സരസ്വതി ദേവിയുടെ വിഗ്രഹ പ്രതിഷ്ഠയുള്ള പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിലെ 56-ാം നവരാത്രി മഹോത്സവം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 6 ന് ആരംഭിച്ച് 15ന് പൂജയെടുപ്പ് വിദ്യാരംഭത്തോടുകൂടി സമാപിക്കുന്നതാണ്. ബുധനാഴ്ച രാവിലെ 9ന് ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പന്തളം മുൻസിപ്പൽ ചെയർ പേഴ്‌സൺ. സുശീല സന്തോഷ് വിദ്യാരംഭം കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, സരസ്വതി പൂജ, ഭാഗവത പാരായണം, വൈകിട്ട് ദീപാരാധന, ദീപ കാഴ്ച്ച, എന്നീ ക്ഷേത്ര ചടങ്ങുകൾ നടക്കും. 12ന് വൈകിട്ട് 7ന് പൂജ വെയ്പ്പ്. 15ന് രാവിലെ 5 മുതൽ അഷ്ട ദ്രവ്യ ഗണപതി ഹോമം, മഹാസരസ്വതി പൂജയ്ക്ക് ശേഷം 6ന് പൂജയെടുപ്പ് വിദ്യാരംഭം ആരംഭിക്കുന്നതാണ്. വൈകിട്ട് ദീപാരാധന, ദീപക്കാഴചയ്ക്ക് ശേഷം നവരാത്രി ആഘോഷ പരിപാടികൾ സമാപിക്കുന്നതാണെന്ന് പ്രസിഡന്റ് പന്തളം ശിവൻകുട്ടിയും സെക്രട്ടറി ജി. ഗോപിനാഥപിള്ളയും അറിയിച്ചു.