അടൂർ : അക്കാഡമിക് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച അടൂർ എസ്. എൻ. ഐ. ടി മികവിന്റെ ദശവത്സര നിറവിൽ. പത്ത് വർഷം പൂർത്തീകരിക്കുന്നതിന്റെയും ദശവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളുടെയും ഉദ്ഘാ‌ടനം നാളെ രാവിലെ 10 ന് കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ഡോ. കേശവ് മോഹൻ അദ്ധ്യക്ഷതവഹിക്കും.കോളേജിലെ മുഴുവൻ ജീവനക്കാരെയും എസ്. എൻ. എെ. ടി ചെയർമാൻ കെ.സദാനന്ദൻ ആദരിക്കും. മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ സ്വാഗതവും പ്രൊഫ. എൻ. രാധാകൃഷ്ണൻ നായർ നന്ദിയും പറയും.ഒക്ടോബർ 6 നാണ് എസ്. എൻ. എെ. ടി പത്താമത് വർഷത്തിലേക്ക് പദമൂന്നുന്നത്. അഞ്ച് ബ്രാഞ്ചുകളിലായി ബി. ടെക് പഠനവുമായായിരുന്നു തുടക്കം. ഒാട്ടോ മൊബൈൽ എൻജിനീയറിംഗിൽ ബിരുദ പഠനത്തിനുള്ള അവസരം ഒരുക്കുന്ന ചുരുക്കം കോളേജുകളിൽ ഒന്നാണിത്. എം. ടെക്, എം. ബി. എ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് പോസ്റ്റ് ഗ്രാഡുവേറ്റ് കോളേജ് എന്ന ശ്രേണിയിലേക്കും ഉയർന്നു. അദ്ധ്യയനത്തിലും അച്ചടക്കത്തിലും മികച്ച മാതൃക സൃഷ്ടിക്കുകവഴി സംസ്ഥാനത്തെ മികച്ച പഠനകേന്ദ്രങ്ങളിൽ ഒന്നായി മാറുവാനും ചുരുങ്ങിയ കാലംകൊണ്ട് കഴിഞ്ഞു. പ്രധാനമന്ത്രി ദേശീയ നൈപുണ്യ വികസന പദ്ധതി പ്രകാരം 625 യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകി.

ഹരിത കാമ്പസ് എന്ന നിലയിൽ ഉൗർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് യു. എൻ. ഇ. പി യുടെ പരാമർശവും എസ്. എൻ. ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. പത്തുവർഷം പൂർത്തിയാകുന്നത് പ്രമാണിച്ച് ഒരുവർഷം കൊണ്ട് വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കുമെന്ന് അക്കാഡമിക് കോ - ഒാർഡിനേറ്റർ പൊഫ. രാധാകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. വരും വർഷത്തിൽ പത്ത് വിദ്യാർത്ഥികൾക്ക് ബി. ടെക് പഠനം സൗജന്യമാക്കും. പത്ത് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അക്കാഡമിക് സഹകരണം നൽകും. പത്ത് വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി പഠനം പൂർണമായും സ്പോൺസർ ചെയ്യും. ബി. വോക് കോഴ്സുകൾ ആരംഭിക്കുന്നതിനൊപ്പം ഡിപ്ളോമ കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവ ആരംഭിക്കുക, എസ്. എൻ. ഐ. ടി ഗവേഷണകേന്ദ്രമാക്കി ഉയർത്തുക, സിവിൽ സർവീസ് അക്കാഡമി ആരംഭിക്കുക, യു. എൻ മായി സഹകരിച്ച് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സീറോ എമിഷൻ പോളിസിയിൽ പങ്കാളിയാവുക തുടങ്ങിയ പദ്ധികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

സ്റ്റാഫ് ക്ളബ് പ്രസിഡന്റ് ശരത് കുമാർ, സെക്രട്ടറി ബാൻജോസി ബാബു, സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് അരുൺ ടി. നായർ, വനിതാ പ്രതിനിധി അപർണമോൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.