പ്രമാടം : പ്രതികൂല കാലാവസ്ഥയെ തുടർന്ന് കിഴക്കൻ മലയോര മേഖലയായ കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയെന്ന് റിപ്പോർട്ട്. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാത്രിയിലും പകലും വിദഗ്ദ്ധർ ഉൾപ്പെട്ട സംഘങ്ങൾ ഇവിടെ പട്രോളിംഗ് നടത്തും. അച്ചൻകോവിൽ, കോന്നി മേഖലകളിലെ ഉൾ വനങ്ങളിൽ തുടർച്ചയായി മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇത് വനാന്തര ഭാഗങ്ങളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും പുറംലോകത്തേക്ക് ഇതിന്റെ ഭീകരത എത്തിയിരുന്നില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിരവാരണ സേന, അഗ്നിരക്ഷാ സേന, പൊലീസ്, റവന്യൂ അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
മണിക്കൂറുകൾ നീണ്ട മഴ
കാലം തെറ്റിയുള്ള മഴ കോന്നിയുടെ കാലാവസ്ഥയിൽ വലിയ വ്യതിയാനം ഉണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന തോരാമഴയാണ് ഉരുൾപൊട്ടലിന് കാരണമായി അധികാരികൾ ചൂണ്ടിക്കാണിക്കുന്നത്.
കോന്നി വില്ലേജിലെ പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് വില്ലേജിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ വില്ലേജിലെ മണക്കയം എന്നിവയാണ് അതീവജാഗ്രതാ പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ മുൻവർഷങ്ങളിൽ ഉരുൾപൊട്ടി വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സീതത്തോട് വില്ലേജിലെ സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ വില്ലേജിലെ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം വില്ലേജിലെ മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്.
രാത്രി യാത്രകൾക്ക് നിരോധനം
ഉരുൾപൊട്ടിലും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും പുറമെ അച്ചൻകോവിലാറിന്റെ തീരങ്ങളിൽ വെള്ളപ്പെക്ക മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. തീരദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വേഗത്തിൽ വെള്ളം കറയാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കും. ആവശ്യമെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലകളിലൽ രാത്രികാല യാത്രകൾക്ക് നിയന്ത്രണമുണ്ട്.
- ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ നിർദ്ദേശം