അടൂർ : ഹൃദയതാളം തെറ്റുന്നവർ്ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാൻ അടൂരിൽ യാതൊരുസംവിധാനവും ഇല്ലാത്തതുവഴി ഒാരോ ദിവസവും പൊലിയുന്നത് നിരവധി ജീവനുകൾ. അടൂരിന്റെ ഹൃദയം കവർന്ന വില്ലേജ് ഒാഫീസർ എസ്. കലാ ജയകുമാർ കഴിഞ്ഞദിവസം മരിച്ചത് യഥാസമയം കാർഡിയോജി സംവിധാനമുള്ള ആശുപത്രിയിൽ എത്തിക്കാൻ കഴിയാതിരുന്നത് വഴിയാണ്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്. എൻ. ഡി. പി യോഗം വനിതാസംഘം മുൻ യൂണിയൻ സെക്രട്ടറിയുമായിരുന്ന പി. വിജയമ്മയുടെ മകൻ അനീഷ് ഗോപിനാഥിന്റെ (37) ജീവൻ അകാലത്തിൽ പൊലിഞ്ഞതും യഥാസമയം ചികിത്സ ലഭിക്കാഞ്ഞതുമൂലമാണ്. ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട അനീഷിനെ അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷനൽകിയ ശേഷം ഹൃദയാഘതമായതിനാൽ കാർഡിയോളജി സംവിധാനമുള്ള ആശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ യാത്രയ്ക്കിടെ പാതിവഴിയിൽ എത്തും മു മ്പ് മരിച്ചു. അടൂർ വില്ലേജ് ഒാഫീസറായിരുന്ന എസ്. കലാ ജയകുമാറിന്റെ അകാലത്തിലുള്ള വേർപാടും യഥാസമയം ഹൃദയസംബന്ധമായ ചികിത്സ ലഭിക്കാതിരുന്നത് വഴിയാണ്. അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയശേഷം നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലത്തെ ആശുപത്രിയിൽ എത്തിക്കുന്നതിലുണ്ടായ കാലവിളംബം വഴിയാണ് മരണം. ഹൃദയാഘാതം ഉണ്ടായി വരുന്നവർക്ക് യഥാസമയം ചികിത്സ ലഭിക്കാതെ വന്നതുവഴി യുവാക്കൾ ഉൾപ്പെടെയുള്ള നിരവധിപ്പേരുടെ ജീവനാണ് സമീപകാലത്ത് അടൂരിൽ പൊലിഞ്ഞത്.അടൂരിൽ കാർഡിയോളജി സംവിധാനമുള്ള ഒരു സ്വകാര്യ ആശുപത്രിപോലും ഇല്ല. ഹൃദയാഘാതമുണ്ടാകുന്നവരെ തിരുവല്ല, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം വഴിയാണ് ജീവൻ നഷ്ടപ്പെടുന്നത്.