പന്തളം:പന്തളം നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സണും സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയറും തമ്മിൽ ഇടഞ്ഞു. പ്രതിപക്ഷം എതിർത്തെങ്കിലും നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള പ്രമേയം ഭരണസമിതി പാസാക്കി. നഗരസഭാ കൗൺസിൽ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തു നൽകിയ നഗരസഭാ സെക്രട്ടറിയെ മാറ്റി പുതിയ സെക്രട്ടറിയെ നിയമിക്കണമെന്ന അജണ്ട ചർച്ച ചെയ്യാനായിരുന്നു ഇന്നലെ അടിയന്തര കൗൺസിൽ യോഗം ചേർന്നത്.
സെക്രട്ടറിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ എസ്.എസ് ബിനിൽ കുമാറും യോഗത്തിൽ പങ്കെടുത്തു. എന്നാൽ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിക്കാതെ ചെയർപേഴ്സൺ സുശീലാ സന്തോഷിന്റെ നിർദ്ദേശപ്രകാരമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞതോടെ പ്രതിപക്ഷ ബഹളമായി. ഫയലിൽ ഒപ്പിടാതിരുന്നത് പ്രതിപക്ഷം ചോദ്യം ചെയ്തോടെ ഇതിന്റെ നിയമവശം അറിയില്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
തുടർന്ന് ചെയർപേഴ്സണും സെക്രട്ടറിയും തമ്മിൽ തർക്കമായി . ബഹളം രൂക്ഷമായതോടെ പ്രമേയം പാസായതായും സർക്കാരിന് സമർപ്പിക്കുമെന്നും അറിയിച്ച് ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു. നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ എന്ന നിലയിലുള്ള ജോലിഭാരം കാരണം സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്സണും നഗരകാര്യ ഡയറക്ടർക്കും ബിനിൽകുമാർ കത്തുനൽകിയിരുന്നു.
അതേസമയം നഗരസഭാ ഭരണ സമിതിയുടെ നടപടി ചട്ടങ്ങൾ ലംഘിച്ചാണെന്ന് പരാതിയുണ്ട്.
നഗരസഭാ കൗൺസിലിനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് ഗവൺമെന്റ് സെക്രട്ടറിക്കു പരാതി നൽകിയിട്ടുപോലും കൗൺസിൽ നിയമപരമായി കൂടാൻ ചെയർ പേഴ്സൺ തയ്യാറാകുന്നല്ലെന്ന് ആക്ഷേപമുണ്ട് .സെക്രട്ടറിയെ മാറ്റാൻ അജണ്ട വച്ചു യോഗം വിളിക്കുന്നതിന് ഏഴുദിവസം മുമ്പ് സെക്രട്ടറിയോടു വിശദീകരണം ചോദിക്കേണ്ടതുണ്ടെങ്കിലും അത് പാലിച്ചില്ല. ഇത് നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധർ പറയുന്നു. സാധാരണ കമ്മിറ്റിയിൽ ഒറ്റ അജണ്ടയിൽ പ്രമേയമായി കൊണ്ടുവന്ന് ആരോപണ വിധേയനായ സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടി വേണം ഇങ്ങനെയുള്ള കൗൺസിൽ യോഗങ്ങൾ കൂടാൻ. ഇത്പാലിച്ചിട്ടില്ല.
നഗരസഭയിൽ നിയമ നിഷേധങ്ങൾ തുടരുകയാണെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ ലസിത നായർ , രാജേഷ്കുമാർ .ജി, റ്റി. കെ. സതി, അംബികാ രാജേഷ്, അജിത കുമാരി, ഷെഫിൻ റജീബ് ഖാൻ. സക്കീർ.എച്ച് ., ശോഭനാകുമാരി, അരുൺ എസ്. എന്നിവർ ആരോപിച്ചു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണ സമിതി രാജിവയ്ക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ സെക്രട്ടറി കെ.ആർ. രവി,കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. .