മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിൽ മാർഗതടസമായി കാടുപിടിച്ച തടിക്കഷണങ്ങൾ . ടൗണിൽ ടെമ്പോ സ്റ്റാൻഡിൽ നിന്ന വലിയ മരത്തിന്റെ ശിഖരങ്ങൾ അപകടകരമായ രീതിയിൽ റോഡിലേക്ക് ചാഞ്ഞതിനെ തുടർന്ന് മുറിച്ചുമാറ്റിയ വലിയ മരക്കഷണങ്ങൾ ഉൾപ്പെടെയാണ് കാടുമൂടി ടെമ്പോ സ്റ്റാൻഡിൽ കിടക്കുന്നത്. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന മല്ലപ്പള്ളി ടൗണിൽ കാൽനടയാത്രക്കാർക്കും ടെമ്പോ സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വലിയ പാലത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ ഈ തടികൾ കിടക്കുന്നത് മൂലം സൈഡ് ഒതുക്കാതെ റോഡിൽ തന്നെ നിറുത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നു. കഴിഞ്ഞ ദിവസവും ഇവിടെ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അപകടകരമായ വൃക്ഷങ്ങൾ പാതയോരങ്ങളിൽ നിന്ന് വെട്ടിമാറ്റുന്നതിന്റെ ഭാഗമായി ലേലം ചെയ്തുകൊടുത്ത തടികളാണ് വർഷങ്ങളായി ഇവിടെ കിടക്കുന്നത്. പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളുണ്ടായില്ലെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞു.