ashiq-
ആഷിഖ് അഷ്റഫ് (26)

റാന്നി: പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിച്ച യുവാവ് അറസ്റ്റിൽ. എരുമേലി ചരള സ്വദേശി ഓലിക്കപ്ലാവിൽ ആഷിഖ് അഷ് റഫ് (26) ആണ് പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വെച്ചൂച്ചിറ സ്വദേശിനിയായ പെൺകുട്ടിയുമായി രണ്ടുവർഷത്തോളം ഇയാൾ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ സ്വഭാവദൂഷ്യം മൂലം പ്രണയത്തിൽ നിന്ന് പെൺകുട്ടി പിൻമാറിയിരുന്നു. ഇന്നലെ എരുമേലിയിൽ വച്ച് കണ്ട ഇരുവരും ഇക്കാര്യം സംസാരിച്ചു. പിന്നീട് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ പെൺകുട്ടിക്ക് പിന്നാലെ എത്തിയ അഷ്റഫ് വീട്ടുകാരോട് പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചു. തുടർന്ന് പെൺകുട്ടിയോട് ബൈക്കിൽ കയറാൻ നിർബന്ധിച്ചതോടെ വീട്ടുകാർ എതിർത്തു. ഇതിനിടെ പെൺകുട്ടിയെയും മാതാവിനെയും ഇയാൾ മർദ്ദിച്ചു. ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ യുവാവ് തിരിച്ചു പോയി. പെൺകുട്ടിക്കൊപ്പമെടുത്ത ഫോട്ടോകൾ കാണിച്ച് ഇയാൾ ഭീഷണിപ്പെടുത്തിവരികയായിരുന്നു. ലഹരി മരുന്നിന് അടിമയാണെന്ന് അറിഞ്ഞതോടെയാണ് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി വെച്ചൂച്ചിറ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. റിമാൻഡ് ചെയ്തു.