ഇക്കൊല്ലത്തെ സാർവദേശീയ അദ്ധ്യാപകദിനാചരണം യുനെസ്കോയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലു മുതൽ എട്ട് വരെ വിവിധ പരിപാടികളോടെ ലോകമെമ്പാടും നടക്കുകയാണ്. കൊവിഡ് പ്രതിസന്ധി പരിഗണിച്ച് 'അദ്ധ്യാപകർ വിദ്യാഭ്യാസ വീണ്ടെടുക്കലിന്റെ ഹൃദയ സ്ഥാനത്ത് ' എന്ന തീം അടിസ്ഥാനമാക്കിയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. കൊവിഡ് 19 കാരണം പ്രതിസന്ധിയിലായ വിദ്യാഭ്യാസത്തെ പൂർണമായും വീണ്ടെടുക്കാനുള്ള പ്രക്രിയയിൽ അദ്ധ്യാപക സമൂഹത്തിന്റെ എല്ലാ കഴിവുകളും ശക്തിപ്പെടുത്താനുള്ള പിന്തുണ നൽകലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെബിനാറുകൾ, ശില്പശാലകൾ, റിസോഴ്സ് സാമഗ്രികളുടെ പങ്കുവയ്ക്കൽ തുടങ്ങിയവ ലോക രാജ്യങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് യുനെസ്കോയുടെ കുറിപ്പിൽ പറയുന്നു. കൊവിഡ് മഹാമാരി സമയത്ത് അദ്ധ്യാപകർ ചെയ്ത സേവന പ്രവർത്തനങ്ങളെയും ഇതിൽ പ്രകീർത്തിക്കുന്നു.
മഹാമാരി സമയത്ത് ലോകത്തിനു മാതൃകയായി പ്രവർത്തിച്ച കേരളത്തിലെ അദ്ധ്യാപക ശ്രേഷ്ഠരുടെ സേവനങ്ങളെ ഓർക്കാതെ നമുക്ക് ഇക്കൊല്ലത്തെ അന്തർദേശീയ അദ്ധ്യാപക ദിനത്തിലൂടെ കടന്നുപോകാൻ കഴിയില്ല. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോഴും കൊവിഡിനോടും കുട്ടികളോടും ഒപ്പം സഞ്ചരിച്ച് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചവരാണവർ. കുട്ടികളുടെ പഠന തുടർച്ച നിലനിറുത്തുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അക്കാദമിക സഹായങ്ങൾ, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊതു പരീക്ഷകൾ സുരക്ഷിതമായും കാര്യക്ഷമമായും നടത്തൽ, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവ ശേഖരിച്ച് സൗജന്യമായി നൽകൽ, സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം, കൊവിഡ് കെയർ സെന്ററുകളിലെ സേവന പ്രവർത്തനങ്ങൾ, നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് അകലെയുള്ള കൊവിഡ് രോഗികളുടെയും വൃദ്ധരുടെയും വീടുകളിൽ പോയി വോട്ട് ചെയ്യിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കൊവിഡ് പ്രതിസന്ധി സമയത്ത് ഏറ്റെടുത്ത് യഥാർത്ഥ സാമൂഹ്യ പ്രവർത്തകർ കൂടിയാവുകയായിരുന്നു നമ്മുടെ അദ്ധ്യാപകർ.
യുനെസ്കോ ലക്ഷ്യമിടുന്നതു പോലെ, അദ്ധ്യാപകരുടെ തൊഴിൽപരമായ വികാസം, വിദ്യാഭ്യാസ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിലുള്ള പങ്കാളിത്തം, മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം, തന്റെ കാഴ്ചപ്പാടുകൾ നിരന്തരം പരിഷ്കരിക്കാനുതകും വിധമുള്ള ശാക്തീകരണം എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നയപരമായ പിന്തുണ അവർക്ക് ലഭിക്കേണ്ടതുണ്ട്. പുതിയ സാഹചര്യങ്ങൾക്കിണങ്ങും വിധം വിദ്യാഭ്യാസത്തെ പുനരാവിഷ്ക്കരിക്കുന്നതിൽ സംസ്ഥാനത്തെ അദ്ധ്യാപകർ ഇനിയും കേന്ദ്രസ്ഥാനത്തു തന്നെ ഉണ്ടാകും എന്ന് ഈ ദിനത്തിൽ പ്രത്യാശിക്കാം.
ഡോ.ആർ.വിജയമോഹനൻ
(റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ആൻഡ് ഡി.പി.ഒ സമഗ്ര ശിക്ഷ കേരളം., പത്തനംതിട്ട.)
ഫോൺ: 9447734041