ചെങ്ങന്നൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണം നടക്കുന്ന സ്റ്റേഡിയം സന്ദർശിക്കുന്നതിന് മന്ത്രിമാരെത്തിയിട്ടും നഗരസഭാ ചെയർപേഴ്‌​സൺ മറിയാമ്മ ജോൺ ഫിലിപ്പിനെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നിട്ടും നഗരസഭാ ചെയർപേഴ്‌​സണെ അറിയിക്കാതിരുന്നത് നീതിക്ക് നിരക്കാത്തതാണ്. യാതൊരു ഉപാധികളും കൂടാതെ നഗരമദ്ധ്യത്തിൽ കോടികൾ വിലമതിക്കുന്ന സ്ഥലം സ്‌​റ്റേഡിയം നിർമ്മാണത്തിനായി നഗരസഭയാണ് വിട്ടുനൽകിയത് നഗര പ്രദേശത്ത് സ്റ്റേഡിയം അനിവാര്യമായതുകൊണ്ടാണ്.മുൻകൂട്ടി തീരുമാനിച്ച പ്രകാരം സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയൻ, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, സ്‌​പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌​സിക്കുട്ടൻ എന്നിവർ പെരുങ്കുളം പാടത്തെ സ്റ്റേഡിയം നിർമ്മാണം വിലയിരുത്താനെത്തിയപ്പോൾ നഗരസഭാ ചെയർപേഴ്‌​സണെ ഔദ്യോഗികമായി അറിയിക്കേണ്ട മര്യാദ കാണിക്കണമായിരുന്നെന്നും ഷിബുരാജൻ പറഞ്ഞു.