കോന്നി: ആഞ്ഞിലിക്കുന്ന് - കോട്ടമുക്ക് റോഡിലെ ടാറിംഗും കോൺക്രീറ്റും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയി. ഒന്നര വർഷം മുമ്പ് തുടങ്ങിയ രണ്ടാം ഘട്ട ടാറിംഗ് ആരംഭിച്ചിട്ടും റോഡിലെ വൈദ്യുതി പോസ്റ്റുകൾ മാറിയിരുന്നില്ല. പലയിടത്തും സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതും, വീതി കൂട്ടി വളവുകൾ നേരെയാക്കാത്തതും, പൈപ്പുകളുടെ പണികൾ പൂർത്തിയാക്കാത്തതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജനപ്രതിനിധികളും, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, നാട്ടുകാരുമായി ചർച്ച നടത്തി ഒരു മാസത്തിനകം പണികൾ പൂർത്തിയാക്കാമെന്ന് ഉറപ്പും നൽകിയിരുന്നെങ്കിലും നടന്നില്ല. കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നിൽ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം - കോട്ടമുക്ക് വരെ പോകുന്ന നാല് കിലോമീറ്റർ റോഡാണിത്. ആറു കോടി രൂപ മുതൽ മുടക്കിലാണ് റോഡ് വികസിപ്പിക്കുന്നത്.
സംരക്ഷണ ഭിത്തി ഇടിഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡിലെ പതാലിൽപ്പടിയിൽ മഴവെള്ളപാച്ചിലിൽ സംരക്ഷണഭിത്തിയിടിഞ്ഞു ടാറിംഗും ഇളകി മാറി. മുകളിലെ മലയിൽ നിന്നുള്ള വെള്ളം റോഡിലേക്ക് പതിച്ചാണ് റോഡ് തകർന്നത്. പലഭാഗങ്ങളിലും കലുങ്കുകളും ഓടകളും നിർമ്മിക്കാതെയാണ് പണികൾ നടത്തിയെതെന്നു നാട്ടുകാർ ആരോപിക്കുന്നു. മഴവെള്ള പാച്ചിലിൽ പലഭാഗങ്ങളിലും ഐറീഷ് ഓടയും തകർന്നിട്ടുണ്ട്. കിഴക്കുപുറം കത്തോലിക്കാ പള്ളിയുടെ ഭാഗം ടാറിംഗ് നടത്താതെ കിടക്കുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
.................................
ഇരുചക്രവാഹങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിന്റെ പണികൾ ശാസ്ത്രിയമായി നടത്തി ഗതാഗത യോഗ്യമാക്കണം
പ്രകാശ് കിഴക്കുപുറം
(ബി.ഡി,വൈ.എസ് ജില്ലാ സെക്രട്ടറി)
- 6 കോടി മുടക്കിപ്പണിയുന്ന റോഡ്