തിരുവല്ല: ഉത്രമേൽ - നെടുമ്പള്ളിൽ റോഡിലെ ഗൗഡ സാരസ്വത ക്ഷേത്രത്തിന് സമീപം ഒരുങ്ങിയത് മനോഹരമായ ഉദ്യാനം. ആഴ്ചകൾക്ക് മുമ്പ് വരെ കാടുവളർന്നും മാലിന്യം നിറഞ്ഞും കിടന്ന ഇതുവഴി യാത്രക്കാർ ഭീതിയോടെയാണ് കടന്നുപോയിരുന്നത്. തിരുവല്ല നഗരസഭയിലെ 29-ാം വാർഡിലാണ് പ്രദേശം . വഴിയോരത്തെ ഈ ഭാഗം വർഷങ്ങളായി മാലിന്യം തള്ളുന്ന സ്ഥലമായിരുന്നു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹരിതകർമ്മ സേനയും ക്രിസ് ഗ്ലോബൽ ഏജൻസിയും ചേർന്നാണ് ജെ.സി.ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തത്. ചെമ്മണ്ണ് എത്തിച്ച് വഴിയോരം നിരപ്പാക്കി പൂന്തോട്ടം സജ്ജമാക്കി. മുൻസിപ്പൽ കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, മാത്യു ചാക്കോ, വിജയൻ തലവന, അന്നമ്മ മത്തായി, വിമൽ ജി, മാർത്തോമാ ഇടവക വികാരി ഫാ.രാജു തോമസ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സുരേഷ് സാരംഗി, സെബാസ്റ്റ്യൻ കെ.ആന്റണി, പ്രദീഷ് ജി.പ്രഭു, സി.മത്തായി, കൃഷ്ണകുമാർ, ക്രിസ്റ്റഫർ എന്നിവരും നാട്ടുകാരും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്ന് കുറ്റിമുല്ലയും തെച്ചിയും അരളിയും കനകാംബരവും മറ്റു പൂച്ചെടികളും ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചു. പച്ചെടികൾ നട്ടുവളർത്തുന്നതിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു.