പത്തനംതിട്ട : ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വി. എ. സൂരജ് ആർ. എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 44കാരനായ അദ്ദേഹം പ്രസിഡന്റായതോടെ ജില്ലയിലെ ബി.ജെ.പിക്ക് പുതിയ യുവത്വം കൈവന്നിരിക്കുകയാണ്. ആർ.എസ്.എസ് കോന്നി താലൂക്ക് പ്രചാർ പ്രമുഖ്, എ.ബി.വി.പി ജില്ലാ പ്രമുഖ്, തിരുവനന്തപുരം വിഭാഗ് പ്രമുഖ്, സംസ്ഥാന ജോ. സെക്രട്ടറി, സെക്രട്ടറി, യുവമോർച്ച സംസ്ഥാന സമിതിയംഗം, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം ബി.കോം, എൽ.എൽ.ബി ബിരുദധാരിയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഭാര്യ അഡ്വ. ധന്യ എം.നായർ, മക്കൾ: വി എസ്. ബാലശങ്കർ, വി എസ്. ശിവ. കോന്നി വെൺമേലിൽ കുടുംബാംഗമാണ്. പിതാവ് പരേതനായ വി.കെ. അച്യുതൻ പിള്ള, മാതാവ്- ഇന്ദിര.
ദേശീയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്വമാണ് ലഭിച്ചിരിക്കുന്നതെന്ന് സൂരജ് പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകും. ശബരിമല ഉൾപ്പെടുന്ന ജില്ലയെന്ന നിലയിൽ പത്തനംതിട്ടയെ ബി.ജെ.പി നേതൃത്വം പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.