തിരുവല്ല: ജില്ലാപഞ്ചായത്ത്,പൊതുവിദ്യാഭ്യാസ വകുപ്പ്,ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ജില്ലയിലെ രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം പരിപാടിയിൽ ക്ലാസെടുത്ത റിസോഴ്സ് പേഴ്സൺമാരെ അന്താരാഷ്ട്ര അദ്ധ്യാപക ദിനത്തിൽ അംഗീകാരപത്രിക നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അംഗീകാരപത്രികയുടെ വിതരണോദ്ഘാടനം നടത്തി. ആർ.പിമാരെ പ്രതിനിധീകരിച്ച് ജി.ശ്രീലക്ഷ്മി (ഗവ. യു.പി.എസ് മണക്കാല ), അജിത് ആർ.പിള്ള (ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂൾ, പരുമല ), ബിനു കെ.സാം ( സെന്റ് മേരീസ് ഹൈസ്കൂൾ, പത്തനംതിട്ട) എന്നിവർ സർട്ടിഫിക്കേറ്റുകൾ സ്വീകരിച്ചു. ഉപജില്ലാതല സംഘാടക സമിതികളുടെ നേതൃത്വത്തിൽ തുടർന്നുള്ള അംഗീകാരപത്രികാ വിതരണവും അനുമോദനവും നടക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ രേണുകാഭായ്, മക്കൾക്കൊപ്പം ജനറൽ കൺവീനർ ഡോ.ആർ.വിജയമോഹനൻ, ഡയറ്റ് പ്രിൻസിപ്പൽ വേണുഗോപാൽ.പി, ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ജി.സ്റ്റാലിൻ, സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ്. എസ്, ജില്ലാവിദ്യാഭ്യാസ സമിതി ചെയർമാൻ, പ്രൊഫ.തോമസ് ഉഴുവത്ത്, എൻ.എസ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.