റാന്നി: സ്കൂൾ തുറപ്പിന് മുന്നോടിയായി സ്കൂൾ സൗഹൃദ സമിതി രൂപീകരിക്കാൻ ഒരുങ്ങി അങ്ങാടി പഞ്ചായത്ത്. റാന്നി ബി.ആർ.സിയുടെ സഹകരണത്തോടെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അതിർത്തിയിലെ സ്കൂളുകളിൽ അടുത്ത ദിവസം തന്നെ സൗഹൃദ സമിതികൾ രൂപീകരിക്കും. അദ്ധ്യാപകരക്ഷാകർതൃസമിതിക്ക് പുറമേ ഓരോ സ്കൂളുകളിലേയും പൂർവ വിദ്യാർത്ഥികൾ, പൂർവ അദ്ധ്യാപകർ, സ്ഥലത്തെ മത, സമുദായിക പുരോഹിതർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, യുവജന സംഘടനാ ഭാരവാഹികൾ, സ്കുളിന്റെ മറ്റ് അഭ്യൂദയകാംഷികൾ എന്നിവരെയും സൗഹൃദ സമിതി യോഗത്തിൽ പങ്കാളികളാക്കാനാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകുന്ന യോഗത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹാരം തേടും. വീടുകളുടെ അകത്തള പഠനങ്ങൾ വിട്ട് സ്കൂൾ പഠനത്തിലേക്ക് വരുന്ന കുട്ടികൾക്കുണ്ടായേക്കാവുന്ന മാനസിക സങ്കർഷങ്ങൾക്ക് പരിഹാരം തേടാനായി കൗൺസലർമാരുടെ സേവനം ഉറപ്പാക്കും'.സ്കൂൾ പരിസരം MGREGS പ്രവർത്തകരുടെ സഹകരണത്തോടെ ശുചീകരിക്കാനും തീരുമാനമായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എലനിയാമ്മ ഷാജി. രാധാകൃഷ്ണൻ, പി.എസ്.സതീഷ് കുമാർ, അഞ്ജു, ജെവിൻ കാവുങ്കൽ , ബി.ആർ.സി കോ.ഓർഡിനേറ്റർ എസ്.നിഷ എന്നിവരും സംസാരിച്ചു.