തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് ചോർത്തിവിറ്റ കേസിലെ ഏഴാംപ്രതിയും മഹാരാഷ്ട്ര സ്വദേശിയുമായ സതീഷ് ബാൽചന്ദ് വാനിക്ക് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച വന്നതിനാലാണ് തിരുവല്ല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഏഴ് പ്രതികളുള്ള കേസിൽ ഒന്നും രണ്ടും പ്രതികളായ ടാങ്കർ ലോറി ഡ്രൈവർമാർ, മൂന്നാംപ്രതി കമ്പനിയിലെ താത്കാലിക ജീവനക്കാരൻ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലുമുതൽ ആറുവരെ പ്രതികളായ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. മദ്ധ്യപ്രദേശിലെ ബറുവയിൽ നിന്ന് പുളിക്കീഴിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് സേന്തുവ എന്ന സ്ഥലത്തുവച്ച് ജൂൺ 25ന് മോഷണം പോയ സംഭവത്തിലാണ് പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 30ന് രാവിലെ പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്കുള്ള യാത്രാമദ്ധ്യേ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ദേശീയപാതയിൽ അരൂരിന് സമീപത്തുവച്ച് സ്പിരിറ്റ് കൊണ്ടുവന്നിരുന്ന ടാങ്കർലോറികൾ തടയുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. തുടർന്ന് ടാങ്കർലോറികൾ പുളിക്കീഴിൽ എത്തിക്കുകയും സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന് പരിശോധനയിൽ ബോദ്ധ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു.