park-pta
പത്തനംതിട്ട നഗരത്തിലെ കുട്ടികളുടെ പാർക്ക്.

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കുട്ടികളുടെ പാർക്കിനും കൊവിഡ് കാലം ശനിദശയായിരുന്നു. ആരും എത്താതായതോടെ പാർക്കിൽ കാടുകയറി. ശുചീകരണം നടക്കുന്നില്ല. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു. ഇവ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കസേരകളുടെയും ഊഞ്ഞാലിന്റെയും കൊളുത്തുകൾ വരെ ദ്രവിച്ചിരിക്കുകയാണ്. രണ്ട് ടോയ്ലറ്റും നശിച്ചിരിക്കുകയാണ്. പരാതിയെ തുടർന്ന് നാലുമാസം മുമ്പ് പാർക്ക് വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി തൊഴിലാളികളെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ ശുചീകരണം നടന്നില്ലെന്ന് ആരോപണമുണ്ട്. നഗരസഭയിലെ മുപ്പതാം വാർഡിലാണ് പാർക്ക് . കൊവിഡിന് മുമ്പുവരെ വൈകുന്നേരങ്ങളിൽ നിരവധിപേർ കുട്ടികളുമായി എത്തിയിരുന്നു. കൊവിഡ് ഇളവിന് ശേഷവും പാർക്ക് തുറന്നിട്ടില്ല. ഇപ്പോൾ പാർക്കിന് സമീപമുള്ള ടൗൺഹാളിന്റെ പണി നടക്കുന്നതിനാൽ പാർക്കിലേക്ക് ആർക്കും അനായാസം എത്താം. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണിവിടം.

. "മാസങ്ങൾക്ക് മുമ്പ് പരാതി ലഭിച്ചതനുസരിച്ച് ഇക്കാര്യം നഗരസഭയിൽ അവതരിപ്പിക്കുകയും വൃത്തിയാക്കാൻ തൊഴിലാളികളെ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അത് ഫലം കണ്ടിട്ടില്ല. ഫണ്ടില്ലാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ പലതും നടക്കുന്നില്ല. "

സിന്ധു അനിൽ

വാർഡ് കൗൺസിലർ