അടൂർ : ഭാഗികമായി തളർന്ന് ആരുടേയും സഹായമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഒറ്റയ്ക്ക് താമസിച്ചുവന്ന ഏറത്ത് പഞ്ചായത്തിലെ ഏഴാം വാർഡ് സ്വദേശിയും വൃദ്ധനുമായ കൊച്ചമ്പനാട്ട് വീട്ടിൽ ഗീവർഗീസിനെ യഥാസമയം വേണ്ടപരിചരണം നൽകി ആശുപത്രിയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ ഏറത്ത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ർ തട്ടത്തിൽ ബദറുദ്ദീനെ സി. പി. എം നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി സ്നേഹാദരവ് സമർപ്പിച്ചു. കുറേ വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചുവന്ന വൃദ്ധൻ മലവും മൂത്രവും നിറഞ്ഞ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമില്ലാതെ മരണത്തോട് മല്ലടിച്ചു കഴിയുകയായിരുന്നു. ഇയാളുടെ ദുരവസ്ഥ പ്രദേശവാസികൾ അറിയിച്ചതിനെതുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലത്തെത്തി കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രങ്ങൾ മാറ്റി ആഹാരവും വെള്ളവും നൽകുകയും ബന്ധുക്കളെ അറിയിച്ച് ആശുപ്രതിയിൽ എത്തിക്കുന്നതിന് നേതൃത്വവും നൽകി. ജീവിതത്തിലേക്ക് മടങ്ങിയ ഇയാളുടെ സംരക്ഷണം സഹോദരി ഏറ്റെടുക്കുകയും ചെയ്തു. സി.പി.ഐ. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്. രാജീവ്, ഏരിയാ കമ്മിറ്റി അംഗം ബി നിസാം, വാർഡ് മെമ്പർ സാജിത റഷീദ്, എംബ്രയിൽ ബ്രാഞ്ച് സെക്രട്ടറി ആർ ചന്ദ്രശേഖരൻ കുറുപ്പ്, പഴകുളം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി അജ്മൽ സിറാജ്, എസ്.എഫ്. ഐ ഏരിയ ജോയിൻ സെക്രട്ടറി ആസിഫ് അഷ്റഫ്, സി ഐ ടി യു നേതാവ് റഹീം കോഴിശ്ശേരിൽ, പ്രവാസി സംഘം നേതാവ് അഡ്വ. എം എ സലാം, ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്നേഹാദരവ് അർപ്പിച്ചത്.