panchayath-member
മരം വീണ് വീട് തകർന്ന വലിയകാവ് ഓലിക്കൽ കാലായിൽ ഉഷാകുമാരിക്ക് നഷ്ടപരിഹാരം അനുവദിച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഗ്രാമപഞ്ചായത്തംഗം പി.എസ് സതീഷ് കുമാറും വാർഡ് വികസന സമിതിയംഗങ്ങളും ചേർന്ന് കൈമാറുന്നു

റാന്നി: കൊടുങ്കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്ന വലിയകാവ്, ഓലിക്കൽ കലായിൽ ഉഷാകുമാരിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർ ഉത്തരവായി. വീടിന്റെ അറ്റകുറ്റപണികൾ നടത്തി ചോർന്നൊലിക്കാത്ത കൂരയ്ക്ക് കീഴിൽ ഇരുന്ന് ഉഷാകുമാരിയുടെ മകൾ അഞ്ജലിക്കും അഞ്ജനയ്ക്കും ഇനി പഠനം തുടരാം. ശക്തമായി വീശിയടിച്ച കാറ്റിൽ ഉഷാകുമാരിയുടെ വീടിന് മുന്നിൽ നിന്ന കൂറ്റൻ മരം ഒടിഞ്ഞു വീഴുകയായിരു ന്നു. മുൻഭാഗത്തെ മേൽക്കൂര പൂർണമായ തകർന്ന വിടിന് മുകളിൽ ടാർപോളിൻ കെട്ടി ഭാഗികമായി മാത്രം ചോർച്ച ഒഴിവാക്കിയാണ് അഞ്ച് മാസമായി ഉഷാകുമാരിയും ഭർത്താവ് രാജപ്പനും രണ്ട് മക്കളുമടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. കാറ്റടിക്കുമ്പോൾ പടുത പാറി പറക്കും. വെള്ളം വീടിനുള്ളിലേക്ക് വീണ് കുട്ടികൾക്ക് പല ദിവസവും പഠനം മുടങ്ങുകയും ചെയ്തു. സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഉഷാകുമാരി റാന്നി- അങ്ങാടി വില്ലേജ് ഓഫീസിൽ നഷ്ട പരിഹാരത്തിനായി അപേക്ഷ നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പഞ്ചായത്തംഗം പി.എസ്. സതീഷ് കുമാറിന്റെ സഹായത്തോടെ ഉഷാകുമാരി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ജില്ലാ കളക്ടർ വിദ്യ എസ്.അയ്യർ ഉഷാകുമാരിക്ക് നഷ്ടപരിഹാര തുക അനുവദിച്ച് ഉത്തരവാകുകയായിരുന്നു. ജില്ലാ കളക്ടറുടെ ഉത്തരവ് പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എം.എസ്. സുജ ബിനോയി വലിയകാവ് വാർഡ് വികസന സമിതി അംഗങ്ങളായ ജോൺ മാന്താനത്ത്, ഇ.ടി. കുഞ്ഞുമോൻ എന്നിവർ ചേർന്ന് ഉഷാകുമാരിക്ക് കൈമാറി.