അടൂർ : ഫലപ്രദമായി സർവീസുകൾ നടത്തിയാൽ വരുമാനം വർദ്ധിക്കും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കെ. എസ്. ആർ. ടി. സി അടൂർ ഡിപ്പോയിൽ ലഭിച്ച റെക്കാഡ് വരുമാനം. ഒന്നര വർഷത്തിന് ശേഷം ഇതാദ്യമായി വരുമാനം 4.14ലക്ഷമായി ഉയർന്നു. 2020 മാർച്ചിൽ കൊവിഡ് വരുന്നതിന് മുൻപ് അൻപത്തിമൂന്ന് ഷെഡ്യൂളുകളിൽ നിന്നും ശരാശരി 8 മുതൽ 9 ലക്ഷം രൂപയായിരുന്നു പ്രതിദിന വരുമാനം. എന്നാൽ ഷെഡ്യൂളുകളുടെ എണ്ണം 33 ആയി കുറയ്ക്കുകയും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്തതോടെ രണ്ടര ലക്ഷത്തിൽ താഴെയായി കുറഞ്ഞു. എന്നാൽ നിയന്ത്രണങ്ങളിൽ അയവ് വന്നതും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും ചെയ്തതോടെയാണ് വരുമാനവും വർദ്ധിച്ചത്. നിലവിൽ 33ഷെഡ്യൂളുകൾ നടത്തുന്നതിനാണ് ചീഫ് ഓഫീസൽ നിന്നുള്ള അനുമതി. യാത്രക്കാർ എത്തിതുടങ്ങിയതോടെ സർവീസുകൾ പൂർണമായും അയച്ചുതുടങ്ങി. സർവീസ് നടത്താനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കുന്നതിനും ഉടൻ നടപടി ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. പൊതു സ്ഥലംമാറ്റത്തെ തുടർന്ന് 11 ഡ്രൈവർമാരെയുംഎട്ട് കണ്ടക്ടർമാരെയും അടൂരിലേക്ക് മാറ്റികൊണ്ട് ഉത്തരവുണ്ടായെങ്കിലും സ്ഥലംമാറ്റം എം. ഡി ഇടപെട്ട് റദ്ദാക്കിയതിനെ തുടർന്ന് ജീവനക്കാർക്ക് എത്താനായില്ല. കഴിഞ്ഞ മാസം 27 ന് പുതിയ ഉത്തരവ് ഇറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല.
ദീർധദൂര സർവീസുകൾ ആരംഭിച്ചില്ല
ജീവനക്കാരെ ലഭിക്കാത്തതിനെ തുടർന്നാണ് അടൂർ - കോഴിക്കോട്, അടൂർ - ഗുരുവായൂർ, അടൂർ - പാലക്കാട് സൂപ്പർ ഫാസ്റ്റുകൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതും ആവശ്യമായ സൂപ്പർ ഫാസ്റ്റ് ബസുകൾ ഡിപ്പോയിൽ എത്തിച്ചതും. ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് ഈ ബസുകൾ ഡിപ്പോയിൽ വെറുതേ കിടക്കുകയാണിപ്പോൾ. നിറുത്തലാക്കിയതും വരുമാനം ഏറെ ലഭിച്ചുവന്നതുമായ പഴയ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും ചീഫ് ഓഫീസിൽ നിന്നുള്ള അനുമതിലഭിക്കാതാണ് പ്രധാന തടസം.
-ഒന്നര വർഷത്തിന് ശേഷം വരുമാനം 4.14ലക്ഷമായി
- നിലവിൽ 33 ഷെഡ്യൂളുകൾ നടത്താൻ അനുമതി
മന്ത്രിയുടെ ഉറപ്പുണ്ട്..
നിറുത്തിവെച്ച മൂന്ന് സൂപ്പർഫാസ്റ്റ് ഉൾപ്പെടെ നാല് സർവീസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ആഗസ്റ്റ് 30 ന് ഡിപ്പോ സന്ദർശിച്ച വകുപ്പ് മന്ത്രി ആന്റണിരാജു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും എൽ. ഡി. എഫ് നോതക്കൾക്കും ഉറപ്പ് നൽകിയിരുന്നതാണ്.