പത്തനംതിട്ട: തിരുവല്ല സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെൺകുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചങ്ങനാശേരി പായിപ്പാട്‌ സ്വദേശി ബിനീഷ് (മംഗലപ്പള്ളി- 26) ,പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് (25 ) എന്നിവർക്ക് 30വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ വിധിച്ചു. പോക്സോ ആക്ട് 4, 6 വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും എെ.പി.സി 365, 366 വകുപ്പുകൾ പ്രകാരം അഞ്ച് വർഷം വീതം തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാൽ 20 വർഷമാണ് തടവുശിക്ഷ. 2017ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടിയെ തിരുവല്ലയിലെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രഞ്ജിത്തിന്റെ മൈലപ്രയിലെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ഇരുപത്തിനാല് സാക്ഷികളെ വിസ്തരിച്ച കേസിൽ പ്രോസിക്യൂഷന്‌ വേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. തിരുവല്ല സി.എെ യായിരുന്ന ടി. രാജപ്പനും ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന ആർ. ചന്ദ്രശേഖര പിള്ളയുമാണ് അന്വേഷണം നടത്തിയത്.