പത്തനംതിട്ട : പ്രധാനമന്ത്രി ഗ്രാമ സടക്‌യോജന പി. എം. ജി. എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 16.29 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാകുന്നതായി ആന്റോ ആന്റണി എം. പി. അറിയിച്ചു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാങ്കോട് എച്ച്. എസ് - തിടി നിരത്തുപാറ റോഡിന് 3.56 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പണി നടന്നുവരികയാണ്. എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ ചെട്ടിമുക്ക് - തടിയൂർ - നാരകത്താനി - റോഡിന് 3.35 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അയിരൂർ ഗ്രാമപഞ്ചായത്തിലെ തേക്കുംകൽ - ചിറപ്പുറം - എളപ്പുങ്കൽ റോഡിന് 2.25 കോടി രൂപയും, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വെൺകുറിഞ്ഞി - മാറിടംകവല - മടത്തുംപടി റോഡിന് 4.98 കോടി രൂപയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ തട്ടാരുപടി - കൊയ്പ്പള്ളിമല (ഇളംഗമംഗലം) റോഡിന് 2.15 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്..

പി. എം. ജി. എസ്. വൈ പദ്ധതിയിൽ ജില്ലയ്ക്ക് ഈ വർഷം 100 കി. മീറ്റർ റോഡുകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ സമർപ്പിച്ച 24.55 കി. മീറ്റർ റോഡുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് അഞ്ചുവർഷക്കാലയളവിനുള്ളിൽ റോഡിന് വേണ്ടിവരുന്ന എല്ലാ അറ്റകുറ്റപ്പണികളും പദ്ധതിയുടെ കരാറുകാരൻ തന്നെ നിർവഹിക്കണം എന്നുള്ളത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.