ചെങ്ങന്നൂർ: യു.ഡി.എഫ്. ഭരിക്കുന്ന ചെങ്ങന്നൂർ നഗരസഭയിലെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. നഗരസഭാ സെക്രട്ടറിയെ കളിപ്പാവയായി ഉപയോഗിക്കുകയാണ്. സെക്രട്ടറിയെ മാറ്റാൻ കൗൺസിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന കോടതി നി‌ർദ്ദേശം സർക്കാർ ലംഘിച്ചു. യു.ഡി.എഫ്. കൗൺസിലർമാരെ അസഭ്യം പറയുകയും അവഹേളിക്കുകയും ചെയ്യുന്ന സെക്രട്ടറി യോഗ മിനിട്‌​സിൽ പലതും കൃത്രിമമായി എഴുതിച്ചേർക്കുകയാണ്. നഗരസഭയുടെ നിലവിലുള്ള അഗതിമന്ദിരം അടച്ചുപൂട്ടാനാണ് സെക്രട്ടറി ശ്രമിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും കത്തു നൽകും.
സ്വാതന്ത്ര്യസമര രക്തസാക്ഷി കുടിലിൽ ജോർജിന്റെ സ്മാരകം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തെ മിൽസ് മൈതാനത്ത് തന്നെ നിർമ്മിക്കണം. നഗരസഭയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് നിർമ്മാണം ആരംഭിച്ചപ്പോൾ നഗരസഭാ സെക്രട്ടറിയും റവന്യൂ വകുപ്പും നിർമ്മാണം തടഞ്ഞതോടെ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സി. പരിസരത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ കരാറെടുത്ത ടോയ്ലറ്റ് മന്ദിരത്തിന്റെ നിർമ്മാണം ഏഴു മാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടിട്ടാണ് കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലത്ത് പദ്ധതിക്ക് കെ.എസ്.ആർ.ടി.സി. എം.ഡി. കരാറിൽ ഒപ്പുവച്ചത്. അതേ എം.ഡി. തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയിരിക്കുന്നത് വിരോധാഭാസമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.