ചെങ്ങന്നൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ കലാലയങ്ങൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്ക് ദുരിതയാത്ര.
കൃത്യമായ ഇടവേളകളിൽ ബസ് സർവീസുകളുടെ കുറവുമൂലം ഉണ്ടാകുന്ന തിരക്കുകാരണം പ്രോട്ടോക്കോളുകൾ മറന്ന് യാത്രചെയ്യാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. ക്ലാസിനുള്ളിൽ ഒരു ബെഞ്ചിൽ ഒരാൾ എന്ന കർശന നിർദ്ദേശം നിലനിൽക്കുമ്പോളാണ് കോളേജുകളിലേക്ക് എത്താൻ ആവശ്യമായ വാഹന സൗകര്യത്തിന്റെ കുറവ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത്. കൂടാതെ പ്രൈവറ്റ് ബസുകളിൽ കൺസെഷൻ ലഭിക്കാത്തത് കാരണം ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും 200 രൂപയിലധികം യാത്രാക്കൂലിയായി ഒരു ദിവസം നൽകേണ്ടി വരുന്നു. പലപ്പോഴും ബസിനുള്ളിൽ കൺസെഷൻ ലഭിക്കാത്തത് വാക്കേറ്റത്തിന് കാരണമാകുന്നു.
കോളേജ് അധികൃതരെ ഈ വിഷയങ്ങൾ അറിയിച്ചപ്പോൾ മന്ത്രിതലങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ഇതേക്കുറിച്ച് ചർച്ചകൾ നടന്നു എന്നായിരുന്നു മറുപടി. അടുത്ത ആഴ്ചകളിൽ ജൂനിയർ വിദ്യാർത്ഥികൾക്കും ക്ലാസ് തുടങ്ങാനിരിക്കെ സർക്കാരിന്റെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.