തിരുവല്ല: കാവുംഭാഗം ആഗ്രോ ഇൻഡസ്ട്രീസിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ കടത്തുന്നതിനെതിരെ നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ സ്റ്റോർ മാനേജരുടെ ഓഫീസ് ഉപരോധിച്ചു. അപ്പർകുട്ടനാട് മേഖലയിലെ നെൽകൃഷിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കൊയ്ത്തുയന്ത്രങ്ങൾ അടക്കമുള്ള യന്ത്രസാമഗ്രികൾ ആക്രിവിലയ്ക്ക് തൂക്കിവിൽക്കാനുള്ള നീക്കമാണ് തടഞ്ഞത്. ഇന്നലെ ഉച്ചയോടെ കൊയ്ത്ത് യന്ത്രങ്ങൾ ഉൾപ്പടെയുള്ളവ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരമറിയിച്ചു. തുടർന്നാണ് തടഞ്ഞത്. ഏഴുവർഷം പഴക്കമുള്ള യന്ത്രസാമഗ്രികളാണ് ഇവിടെ നിന്ന് പുനലൂരിലെ യാർഡിലേക്ക് മാറ്രുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാലമത്രയും ഉപയോഗിക്കാതെ കിടന്നിരുന്ന യന്ത്രങ്ങൾ എങ്ങനെ ഉപയോഗശൂന്യമാകുമെന്ന് നാട്ടുകാർ ചോദിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് യന്ത്രങ്ങൾ കൊണ്ടുപോകുന്നത് നിറുത്തിവച്ചു. അപ്പർകുട്ടനാട്ടിലെ നെൽക്കർഷകർക്ക് സഹായമാകുന്നതിന് വേണ്ടി സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ചതാണ് ആഗ്രോ ഇൻഡസ്ട്രീസ്. പത്തോളം കൊയ്ത്ത് യന്ത്രങ്ങളും ഇരുപതോളം ട്രാക്ടറുകളും മുപ്പതിലധികം ട്രില്ലറുകളും ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒരുതവണ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഈ യന്ത്രങ്ങൾ തുരുമ്പ് വിലയ്ക്ക് വിൽക്കുന്നത് സർക്കാരിന് വൻസാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് നാട്ടുകാർ ആരോപിച്ചു.