കോന്നി: തണ്ണിത്തോട്- കോന്നി റോഡിലെ പേരുവാലി കലുങ്കിന്റെ കരിങ്കൽക്കെട്ട് ഇടിഞ്ഞതുമൂലം അപകട ഭീഷിണി. എലിമുള്ളുംപ്ലാക്കലിൽ നിന്ന് ഒഴുകിയെത്തുന്ന തോടിന്റെ മുകളിലൂടെയാണ് കലുങ്ക് . മഴക്കാലത്ത് വനത്തിലെ ചെറിയതോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ തോട്ടിലൂടെയാണ് കല്ലാറ്റിലെത്തുന്നത്. മഴക്കാലത്ത് വലിയ കുത്തൊഴുക്കുണ്ടാവുന്ന തോട്ടിലെ കലുങ്കിന്റെ കരിങ്കൽ ഭിത്തിയിടിഞ്ഞ് കല്ലുകൾ ഇളകിപ്പൊയ്ക്കൊണ്ടിരിക്കുകയാണ്. കലുങ്കിന്റെ അടിഭാഗത്തെ കോൺക്രീറ്റിന്റെ കമ്പികളും ഇളകി മാറിയിട്ടുണ്ട്. കരിങ്കൽ ഭിത്തികൾ പൂർണമായി മഴക്കാലത്ത് ഇടിഞ്ഞു വീഴാനും സാദ്ധ്യതയുണ്ട്. ഭാരംകയറ്റിയ വാഹനങ്ങളടക്കം കലുങ്കിന്റെ മുകളിലൂടെയാണ് പോകുന്നത്. കരിങ്കല്ലുകൾ ഇളകി മാറിയിരിക്കുന്നത് തോടിനോട് ചേർന്ന ഭാഗത്തായതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല.